KOYILANDY DIARY

The Perfect News Portal

മോട്ടോര്‍വാഹന നിയമഭേദഗതിബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ഡല്‍ഹി > ഡ്രൈവര്‍മാര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ച്  വാഹനാപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോര്‍വാഹന  നിയമഭേദഗതിബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമലംലനത്തിനു ഡ്രൈവര്‍മാര്‍ക്ക് കനത്ത ശിക്ഷ വ്യവസ്ഥചെയ്യുന്ന ബില്ലില്‍ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. നിലവിലുള്ള നിയമത്തിലെ 223 വ്യവസ്ഥകളില്‍  68 എണ്ണവും ഭേദഗതി ചെയ്യും. വിദേശരാജ്യങ്ങളിലെ ശിക്ഷയുടെ തോത് രാജ്യത്ത് നടപ്പാക്കാനാണ് ശ്രമം. പിഴ പത്തിരട്ടിയാക്കും.

ചെറിയ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ 100 രൂപയില്‍നിന്ന് 500 രൂപയാക്കും. അപകടകരമാംവിധം ഡ്രൈവ് ചെയ്താലുള്ള ശിക്ഷ 1000 രൂപയില്‍നിന്ന് 5000 ആക്കും. മദ്യപിച്ച് ഡ്രൈവ് ചെയ്യുമ്പോള്‍ പിടിയിലായാല്‍ 10,000 രൂപ നല്‍കണം. നിലവില്‍ 2000 രൂപയാണ് പിഴ. അമിതഭാരം കയറ്റിയാല്‍ 20,000 രൂപ വരെയും.
ഹെല്‍മെറ്റില്ലെങ്കില്‍ നിലവില്‍ 100 രൂപയാണ് പിഴയെങ്കില്‍ പുതിയ വ്യവസ്ഥയില്‍ 1000 രൂപ നല്‍കണം. ലൈസന്‍സ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കും. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും 1000 രൂപ നല്‍കണം. പ്രായപൂര്‍ത്തിയാകാത്തവര്‍ നിയമംലംഘിച്ചാല്‍ രക്ഷിതാക്കളെ വിചാരണ ചെയ്യും.

25,000 രൂപ പിഴയും മൂന്ന് മാസം തടവും ലഭിക്കും. കുട്ടികളെ ബാലനീതി നിയമപ്രകാരം വിചാരണ ചെയ്യും. രജിസ്ട്രേഷന്‍ റദ്ദാക്കും. പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ 10,000 രൂപയാണ് പുതിയ പിഴ. ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ നഷ്ടപരിഹാരം 25,000 രൂപയില്‍നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തും. റോഡപകടങ്ങളില്‍ മാരകമായി പരിക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയായി ഉയര്‍ത്തും.

Advertisements

അതേസമയം സഭയുടെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങള്‍ക്ക് കോപ്പി വിതരണം ചെയ്യാതെയും ബില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം ചോദ്യംചെയ്തു.
വിപുലമായ വ്യവസ്ഥകളുള്ള ബില്‍ തിരക്കിട്ട് പാസാക്കാന്‍ ശ്രമിക്കരുതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നും അംഗങ്ങള്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് ബില്ലിന്റെ കോപ്പി വിതരണം ചെയ്തുവരികയാണെന്നും വിശദമായി പരിശോധിച്ചശേഷം സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണോ എന്ന കാര്യം തീരുമാനിക്കാമെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു.