KOYILANDY DIARY

The Perfect News Portal

മേലൂർ ശിവക്ഷേത്ര കുളത്തിനു സമീപം 2000 വർഷം പഴക്കമുള്ള വിഗ്രഹവും പുരാവസ്തു ശേഖരവും കണ്ടെത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂർ ശിവക്ഷേത്ര കുളത്തിനു സമീപം വീടിനായി മണ്ണെടുക്കവെ ഏകദേശം രണ്ടായിരം വർഷം പഴക്കം തോന്നിക്കുന്ന ഗരുഡൻ്റ വിഗ്രഹവും, ചെമ്പിൻ്റെ തകിടും, ഇന്ദ്രനീലം എന്നു കരുതുന്ന പുരാവസ്തു ശേഖരവും കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീടിൻ്റെ നിർമ്മാണത്തിന്  ഫൗണ്ടേഷൻ  ഇടുവാനായി കുഴിക്കവെയാണ് 50 സെ.മീ. നീളത്തിൽ കുഴി കാണപ്പെട്ടത്, അതിൽ നിന്നും, സ്വർണ്ണ നിറത്തോടു കൂടിയ താമരമൊട്ടും, നീല കളറോടു കൂടിയ കല്ലിൻ്റെ ഭാഗവും, ചെമ്പിൻ്റെ തകിടുമാണ്കണ്ടെത്തിയത്. 

വിവരം അറിയിച്ചതിൻ്റെ ഭാഗമായി കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മീറ്റർ നീളവും, 20 സെ.മീ. വീതിയിലുമായിരുന്നു കുഴി കാണപ്പെട്ടത്. വർഷങ്ങളായി മേലൂർ ശിവക്ഷേത്രത്തിലെ പള്ളിവേട്ട നടന്നു വരുന്ന കുളത്തിനു സമീപമാണ് വസ്തുക്കൾ കണ്ടെത്തിയത്.  ഭൂമിയുടെ ഉടമ വീട് നിർമ്മാണ നടത്തുമ്പോഴാണ് വസ്തുക്കൾ ലഭിച്ചത്.

കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെപെക്ടർ കെ.സി.സുഭാഷ് ബാബു, എസ്.ഐ. കെ. സേതുമാധവൻ എന്നിവർ സ്ഥലത്തെത്തി വസ്തുക്കൾ പോലീസ് സ്റ്റേഷനിലെക്ക് മാറ്റി. കൊയിലാണ്ടി തഹസിൽദാർക്കും, ആർക്കിയോളജി വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ട്. 2000 ത്തോളം വർഷം പഴക്കമുള്ളതാണ് വസ്തുക്കൾ എന്നു കരുതുന്നു. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ഇത്തരത്തിൽ വസ്തുക്കൾ ക്ഷേത്ര കൂളത്തിൽ നിക്ഷേപിക്കാറുണ്ടായിരുന്നു എന്നാണ് പറയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *