KOYILANDY DIARY

The Perfect News Portal

മൃതദേഹം സംസ്‌ക്കരിക്കാൻ തയ്യാറായില്ല: മാവൂർറോഡ് ശ്മശാനത്തിലെ രണ്ടുപേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാവൂര്‍ റോഡിലെ ശ്മശാനം തൊഴിലാളികളായ രണ്ടാളുകളുടെ പേരില്‍ കേസെടുത്തു. നെല്ലിക്കോട് കാട്ടുകുളങ്ങര ഓടാട്ട് ബാബു (54), കോട്ടൂളി പള്ളിമലകുന്ന് കരിമ്പക്കാട്ട് ഷാജി (46) എന്നിവരുടെ പേരിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച കൂരാച്ചുണ്ട് മടമ്പിലുമീത്തല്‍ രാജന്‍ (45), ചെക്യാട് പാറക്കടവ് ഉമ്മത്തൂര്‍ തട്ടാന്റവിട അശോകന്‍ (52) എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ചതിനാണ് ഇരുവരുടെയും പേരില്‍ കേസെടുത്തത്. വൈദ്യുതി ശ്മശാനത്തിന് സമീപത്തുള്ള ചൂളയില്‍ മൃതദേഹം ദഹിപ്പിക്കുന്ന പരമ്പരാഗത തൊഴിലാളികളാണിവര്‍.

മൃതദേഹം മറവുചെയ്യാന്‍ വിസമ്മതിച്ചെന്നും അതുവഴി മൃതദേഹത്തെ അപമാനിച്ചെന്നും ബന്ധുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നുമുള്ള ഐ.പി.സി. 297 വകുപ്പ് പ്രകാരവും കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നുള്ള ഐ.പി.സി. 353 വകുപ്പ് പ്രകാരവുമുള്ള രണ്ട് കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. ഒന്നാമത്തെ വകുപ്പില്‍ ഒരുവര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടുന്ന കുറ്റമാണിത്. രണ്ടുവര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇവരണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രണ്ടാമത്തേത്. ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്നുള്ള പരാതിയിലാണ് കേസ്.

വൈദ്യുത ശ്മശാനത്തിന്റെ ബ്ലോവര്‍ കേടായതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ ചൂളയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാര്‍ പറഞ്ഞു. കൈയുറകള്‍, മുഖംമൂടികള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാമെന്നും ഇരുവരോടും പറഞ്ഞതാണ്. ഇവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഐവര്‍മഠം തൊഴിലാളികളാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയില്ല, എന്നാല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയില്ലെന്നും അതുകൊണ്ടാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ചതെന്നും ചൂളശ്മശാനം നടത്തിപ്പുകാരായ ഷാജിയും ബാബുവും പറഞ്ഞു.

മൃതദേഹങ്ങളുമായി എത്തിയവര്‍ മാസ്‌കും കൈയുറയും കോട്ടും പോലുള്ള സുരക്ഷാവസ്ത്രങ്ങളും ധരിച്ചിരുന്നു. ഇത് കണ്ടതുകൊണ്ടാണ് തങ്ങള്‍ വിസമ്മതം അറിയിച്ചത്. ഹെല്‍ത്ത് ഓഫീസര്‍ തങ്ങളെ ഭീഷണിപ്പെടുത്തി മൃതദേഹം മറവുചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷാജി പറഞ്ഞു. നിര്‍ധന കുടുംബങ്ങളായതിനാല്‍ വിദ്യാര്‍ഥികളായിരിക്കുമ്ബോള്‍ മുതല്‍ ഈ ജോലിയിലേര്‍പ്പെട്ടവരും ഞങ്ങളുടെ അച്ഛന്‍മാരെ സഹായിക്കാന്‍ എത്തിയവരുമാണെന്ന് ബാബു പറഞ്ഞു. ഏതുതരം മൃതദേഹവും സംസ്‌കരിക്കാറുണ്ട്. വര്‍ഷങ്ങളായി തൊഴിലെടുത്തുവരുകയാണ്. ഒരു മൃതദേഹത്തിന്റെ കാര്യത്തിലും വിസമ്മതം അറിയിച്ചിട്ടില്ല. പുഴുവരിച്ചതും എയ്ഡ്‌സ് രോഗികളുടേതുമായ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. നിര്‍ധനരും നിസ്സഹായരുമായ തങ്ങളുടെ പേരില്‍ കേസെടുത്ത് ബലിയാടാക്കുകയാണ് ചെയ്തത്.

ഒരു മൃതദേഹം മറവുചെയ്താല്‍ ചെലവുകഴിഞ്ഞ് കിട്ടുന്ന വേതനം 250 രൂപയാണ്. ഭാര്യയും രണ്ട് മക്കളും അമ്മയും ഉള്‍പ്പെട്ട കുടുംബമാണ് ഇരുവര്‍ക്കുമുള്ളത്. ഏക ആശ്രയം ഞങ്ങളുടെ തുച്ഛമായ വേതനമാണ്. 1500 രൂപയാണ് പരമ്ബരാഗത ചൂളയ്ക്കുള്ള കൂലി. സഹായത്തിനായി നാല് തൊഴിലാളികളും ഒപ്പമുണ്ട്. ഇത്രയും ദയനീയമായ ചുറ്റുപാടുകളുള്ള തങ്ങളെ എന്തിനാണ് കേസില്‍ കുടുക്കി കുടുംബങ്ങളെ പട്ടിണിക്കിടാന്‍ കോര്‍പ്പറേഷനും പോലീസും തീരുമാനിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *