മൂടാടി വെള്ളറക്കാട് ക്ഷേത്രത്തിലും നാഗരാജന് ആചാരിയുടെ കരവിരുത്

കൊയിലാണ്ടി: നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ നാഗരാജന് ആചാരിയുടെ കരവിരുത് പതിഞ്ഞത് നാനൂറിലേറെ ക്ഷേത്രങ്ങളില്‍. വിവിധ ക്ഷേത്രങ്ങളില്‍ സോപാനം, കട്ടിള, പടി, പാവ്, പീഠം, ബിംബം, തറ, കൊടിമരം എന്നിവയൊക്കെ ശില്പാലംകൃതമായ രീതിയില്‍ നാഗരാജന് കൃഷ്ണശിലയില്‍ കൊത്തിയെടുത്തിട്ടുണ്ട്.
മൂടാടി വെള്ളറക്കാട് ക്ഷേത്രത്തില്‍ സോപാന നിര്‍മാണമാണ് നാഗരാജന് അവസാനമായി ചെയ്തത്. ഇവിടെ സിംഹത്തിന്റെ മുഖത്തോടുകൂടിയ സോപാനമാണ് നിര്‍മിച്ചത്. സോപാനപ്പടിയില്‍ നാല് സിംഹ മുഖങ്ങളാണ് കൊത്തിയെടുത്തത്. ഉറപ്പേറിയ കൃഷ്ണശിലയാണ് ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിക്കുക.

കോഴിക്കോട് വളയനാട് ക്ഷേത്രത്തില്‍ കരിങ്കല്‍ കവാടം നാഗരാജനാണ് കൊത്തിയെടുത്തത്. കൊത്തുപണിയില്‍ മുണ്ടോത്ത് നിവാസിയായ നാരായണനാണ് സഹായി. 22 വര്‍ഷമായി നാരായണന് തന്നോടൊപ്പമുണ്ടെന്ന് നാഗരാജന് പറയുന്നു. വീടുകളില്‍ ഡിസൈന്‍ പണി ചെയ്യുന്നതിനും നാഗരാജനെയും മക്കളെയും ആളുകള്‍ വിളിക്കാറുണ്ട്.

തമിഴ്നാട് മധുര സ്വദേശിയായ നാഗരാജന് ആചാരി 1974-ലാണ് ഇവിടെയെത്തുന്നത്. ക്ഷേത്ര നിര്‍മാണവും കൊത്തുപണിയുമായി കഴിയുന്നതിനിടയില്‍ ഈ നാട്ടുകാരി ശാന്തയെ വിവാഹം കഴിച്ചു. ഇപ്പോള്‍ മുണ്ടോത്താണ് താമസം. രഞ്ജിത്ത്, റെജീഷ് എന്നിവര്‍ മക്കളാണ്.

