KOYILANDY DIARY

The Perfect News Portal

മൂടാടി കെൽട്രോൺ വികസനത്തിന്റെ പാതയിൽ

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ നന്തി ശ്രീശൈലത്ത് സ്ഥിതി ചെയ്യുന്ന കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ വികസനത്തിന്റെ പാതയിൽ. 1981 ലാണ്‌ നന്തിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബ്ലാക്ക് ആൻറ് വൈറ്റ് ടെലിവിഷൻ സെറ്റുകളാണ്‌ നിർമ്മാണം നടത്തിയിരുന്നത്. ക്രമേണ കളർ ടെലിവിഷൻ സെറ്റുകളുടെ നിർമ്മാണവും തിരുവനന്തപുരത്ത്  നിന്ന് ഇവിടെക്ക് മാറ്റി.

1990 ൽ ശ്രീശൈലം  പ്രദേശത്തെ സ്വന്തമായുള്ള കെട്ടിടത്തിലെക്ക് മാറ്റി. പതിമൂന്നര ഏക്കർ സ്ഥലത്താണ് പ്രവർത്തനം ഇപ്പോൾ നടക്കുന്നത്. 1995 ൽ ടെലിവിഷൻ സെറ്റുകളുടെ നിർമ്മാണം നിർത്തുകയും പകരം ടെലിക്കമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഉൽപാദനവും, എൻ.ടി.ടി.എഫിന്റെ ട്രെയിനിംഗ് സെന്റെറും, ഇലട്രിക് ബോർഡിനുള്ള എനർജി മീറ്ററുകളുടെ ഉൽപാദനവും ഇവിടെ ആരംഭിച്ചു. 2012 ൽ എൽ.ഇ.ഡി. ലൈറ്റുകളുടെ ഉൽപാദനവും ആരംഭിച്ചു.വിവിധ ട്യൂബ് ലൈറ്റുകൾ, ബൾബുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, റാന്തലുകൾ, എമർജൻസി ലൈറ്റുകൾ തുടങ്ങിയ ഇവിടെ നിർമ്മിച്ചു വരുന്നു.

സംസ്ഥാന സർക്കാറിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങുടെയും ഓർഡറുകളെ ആശ്രയിച്ചാണ് കെൽട്രോൺ ഡിവിഷന്റെ പ്രവർത്തനം നടക്കുന്നത്. കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ നന്തിയിൽ നിന്ന് വിവിധ എൽ.ഇ.ഡി.ഉത്പന്നങ്ങളായ സ്ട്രീറ്റ് ലൈറ്റുകൾ, സോളാർ ലൈറ്റുകൾ – മിനി മാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ, ബൾബുകൾ, ഡൗൺ ലൈറ്റുകൾ, എൽ.ഇ.ഡി റാന്തൽ എന്നിവ നിർമിച്ച് കോർപ്പറേഷനുകൾക്കും, മുനിസിപ്പാലിറ്റികൾക്കും, വ്യക്തികൾക്കും, വിതരണം ചെയ്യുന്നു.

Advertisements

സി.ഡാക്കിന്റെ ടെക്നോളജിയിൽ ലൈറ്റിംഗ് ഡിവിഷൻ നന്തിയിൽ നിന്ന് നിർമിക്കുന്ന ശ്രവണ സഹായി ഒട്ടേറെ സവിശേഷതകളുള്ളതാണ്. ഉയർന്ന മൂല്യത്തിലുള്ള മൾട്ടി ചാനൽ ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ്ങ് എയ്ഡ് വിതരണം ചെയ്തു വരുന്നു. ഹിയറിംങ്ങ് എയിഡും, എൽ.ഇ.ഡി. ലൈറ്റുകളും ഉല്പാദിപ്പിക്കാൻ ആവശ്യമായ ആധുനിക ഉപകരണങ്ങളും വിപുലമായ ടെസ്റ്റ് ലാബും ഇവിടെ ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് ടെൻഡർ കൂടാതെ കെൽട്രോണിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ആവശ്യമായ ഉത്തരവ് നേടിയെടുക്കാൻ കെൽട്രോണിന്‌
സാധിച്ചിട്ടുണ്ട്.

കെ.ദാസൻ എം.എൽ.എ.യുടെ ശ്രമഫലമായാണ് ഇത് നേടിയെടുക്കാനായത്. കെൽട്രോണിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതാണ് സർക്കാറിന്റെ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തുടങ്ങിയവയ്ക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് കൂടി ടെൻഡർ നടപടി കൂടാതെ കെൽട്രോണിൽ നിന്ന് ശ്രവണ സഹായി വാങ്ങുന്നതിനുള്ള സർക്കാർ ഉത്തരവ് നേടിയെടുക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുവരുന്നു.

തിരുവനന്തപുരത്ത് 29 ന് നടക്കുന്ന കെ.പി.പി.നമ്പ്യാർ അനുസ്മരണത്തിന്റെ ഭാഗമായി കെൽട്രോണിന്റെ പുതിയ ഉൽപ്പന്നമായ ശ്രവൺ ” ശ്രവണ സഹായി പൊതു വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള പ്രഖ്യാപനം നടത്തുമെന്ന് മേധാവികളായ കെ.ദിനേശൻ, പി.ഹരികൃഷ്ണൻ, പി.അശോകൻ, കെ.പി.മുനീർ തുടങ്ങിയവർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *