KOYILANDY DIARY

The Perfect News Portal

മുന്‍ ലോക്‌സഭ സ്പീക്കർ പി എ സാംഗ്മ അന്തരിച്ചു

ഡല്‍ഹി > മുന്‍ ലോക്‌സഭ  സ്പീക്കറും, മുന്‍ മേഘാലയ മുഖ്യമന്ത്രിയുമായ  പി എ സാംഗ്മ അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1996 മുതല്‍ 1998 വരെ ലോക്സഭ സ്പീക്കറായിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) യുടെ സഹസ്ഥാപകനാണ്. 1998 മുതല്‍ 1990 വരെ മേഘാലയുടെ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു.95– 96 കാലത്ത് നരസിംഹ റാവു സര്‍ക്കാരില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രിയായി കാബിനറ്റില്‍ അംഗമായി.  2012ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്കെതിരെ മത്സരിച്ച് പരാജയപെട്ടിരുന്നു. എട്ട് തവണ ലോക്സ‘ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ വംശജയല്ലാത്ത സോണിയ ഗാന്ധിയെ പാര്‍ട്ടി അദ്ധ്യക്ഷയാക്കിയതില്‍ പ്രതിഷേധമുയര്‍ത്തി ശരദ് പവാറിനും താരിഖ് അന്‍വറിനും ഒപ്പം കോണ്‍ഗ്രസ് വിട്ട സാംഗ്മ എന്‍സിപി രൂപീകരിച്ചു. ശരദ് പവാര്‍ സോണിയാഗാന്ധിയുമായി വീണ്ടും അടുത്തതോടെ 2004 ജനുവരിയില്‍ എന്‍സിപി യില്‍ പിളര്‍പ്പുണ്ടായി. പിന്നീട് തൃണമൂല്‍കോണ്‍ഗ്രസ് നേതാവായ മമത ബാനര്‍ജിയുമായി കൂട്ടുകൂടി നാഷണലിസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചു.

Advertisements

വീണ്ടും എന്‍സിപിയില്‍ തിരിച്ചെത്തിയെങ്കിലും 2012ല്‍ എന്‍സിപി വിട്ടു. 2013ല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചു. 2008ലും 2013ലും മേഘാലയ നിയമസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മകള്‍ അഗത സാംഗ്മ കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു