KOYILANDY DIARY

The Perfect News Portal

മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍

കൊച്ചി >  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് നേതാവ് ബാബുറാം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി.

ബാബുറാമും കെ ബാബുവും തമ്മിലുള്ള ഫോണ്‍ രേഖകളുടെ വിവരങ്ങളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ബാബുറാമിന്റെ വീട്ടിലെ രഹസ്യഅറയില്‍ നിന്നാണ് ഇവ വിജിലന്‍സിന് ലഭിച്ചത്. അന്‍പതോളം ഭൂമി ഇടപാടുകളുടെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. വേളാങ്കണ്ണിയില്‍ ബാബുറാമിന്റെ ഭാര്യയുടെ പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉണ്ടെന്നും വിജിലന്‍സിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബാബുവും ബാബുറാമും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ കത്തും ഫോണ്‍രേഖകളും സഹായിക്കുമെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ ബാബുവിനെ വീണ്ടും ചോദ്യംചെയ്യും.

കോണ്‍ഗ്രസ് നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് ബാബുറാം ശങ്കര്‍ റെഡ്ഡിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചത്. ബാര്‍ കോഴക്കേസ് ചിലരെ തകര്‍ക്കുന്നതിനുവേണ്ടി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കത്തില്‍ പറയുന്നുണ്ട്.  അതിനാല്‍കേസ് പിന്‍വലിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട് മന്ത്രി ബാബുവും ബാബുറാമും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായാണ് കത്തിനെ വിജിലന്‍സ് കാണുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *