മുഖ്യമന്ത്രി പിണറായിക്ക് കോഴിക്കോട്ട് ഉജ്വല സ്വീകരണം

കോഴിക്കോട് : മുഖ്യമന്ത്രി പിണറായിക്ക് കോഴിക്കോട്ട് ഉജ്വല സ്വീകരണം. ചുകപ്പ് വളന്റിയര്‍മാരുടെ അകമ്പടിയില്‍ വാദ്യമേളങ്ങളോടെയായിരുന്നു വരവേല്‍പ്പ്. എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ യുവതീ യുവാക്കളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പിണറായി സര്‍ക്കാരില്‍ നാടിനുള്ള വിശ്വാസവും പ്രതീക്ഷയും വിളംബരംചെയ്യുന്നതായിരുന്നു പരിപാടി. എല്‍ഡിഎഫ് ജില്ലാകമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ മുക്കം മുഹമ്മദ് മാലയണിയിച്ച് സ്വീകരിച്ചു. വിവിധ ഘടകകക്ഷിനേതാക്കളും വര്‍ഗബഹുജന സംഘടനാ പ്രതിനിധികളും ഷാളണിയിച്ചു. എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, സി കെ നാണു, കെ ദാസന്‍, വി കെ സി മമ്മദ്കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍വഹാബ്, ചരിത്രകാരന്‍ ഡോ. കെ കെഎന്‍ കുറുപ്പ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വീകരണ സമ്മേളനത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി മോഹനന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ മുക്കം മുഹമ്മദ് സ്വാഗതവും സിപിഐ ജില്ലാസെക്രട്ടറി ടി വി ബാലന്‍ നന്ദിയും പറഞ്ഞു.
സ്വീകരണത്തില്‍ അഴിമതിവിരുദ്ധമാജിക് അവതരിപ്പിച്ച് മജീഷ്യന്‍ പ്രദീപ്ഹുഡിനോ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തു. അഴിമതിയും സ്വജനപക്ഷപാതവും കത്തിച്ചാമ്പലായി ജനപക്ഷ വികസനത്തിന്റെ പൂക്കള്‍ വിരിയുന്ന മാജിക് കൈയടിയോടെ സദസ് സ്വീകരിച്ചു.

