KOYILANDY DIARY

The Perfect News Portal

മാവോവാദി സംഘം ബന്ദിയാക്കിയ രണ്ടാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു

കല്പറ്റ: വയനാട്ടില്‍ എസ്റ്റേറ്റില്‍ മാവോവാദി സംഘം ബന്ദിയാക്കിയ രണ്ടാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് അര്‍ധരാത്രിക്ക് ശേഷം രക്ഷപ്പെട്ട് എത്തിയത്. ഒരാള്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ രക്ഷപ്പെട്ടിരുന്നു.

കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലാണ് വെള്ളിയാഴ്ച രാത്രി നിര്‍മാണത്തൊഴിലാളികളെ തോക്കുചൂണ്ടി മാവോവാദി സംഘം ബന്ദികളാക്കിയത്. മൂന്നുതൊഴിലാളികളില്‍ രണ്ടു പേരെയാണ് ബന്ദികളാക്കിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളാണ് എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചത്. രാത്രി പത്തുമണിയോടെ ഒരാളെക്കൂടി വിട്ടയച്ചു. മാര്‍ബിള്‍ പണിക്കാണ് ഇവര്‍ എസ്റ്റേറ്റിലെത്തിയത്.

മൂന്നു പുരുഷന്‍മാരും സ്ത്രീയും അടങ്ങുന്ന സംഘമാണ് ഇവരെ തടഞ്ഞുവെച്ചതെന്ന് രക്ഷപ്പെട്ട മക്ബൂല്‍, കാത്തിം എന്നീ തൊഴിലാളികള്‍ പറഞ്ഞു. അലാവുദ്ദീന്‍ ഫോണില്‍ എസ്റ്റേറ്റ് അധികൃതരെ വിളിച്ച്‌ മാവോവാദികള്‍ പണം ആവശ്യപ്പെടുന്നതായി അറിയിച്ചു. പിന്നീട് മാനേജ്‌മെന്റ് പ്രതിനിധികളോട് സംഭവസ്ഥലത്തെത്താനും ആവശ്യപ്പെട്ടു. നാലുപേരാണ് ആദ്യം തടഞ്ഞുവെച്ചതെന്നും പിന്നീട് മാവോവാദികള്‍ കൂടുതലായെത്തിയതായും അലാവുദ്ദീന്‍ പറഞ്ഞു.

Advertisements

രാത്രിയോടെ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പോലീസ് സംഘമെത്തി. എന്നാല്‍, രാത്രിയായതിനാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്തും രാത്രി ഓപ്പറേഷന്‍ വേണ്ടെന്ന തീരുമാനത്തിലെത്തി. മാവോവാദികളുടെ പതിവനുസരിച്ച്‌ അധികനേരം തങ്ങാനിടയില്ലെന്ന നിഗമനത്തില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാസങ്ങള്‍ക്കുശേഷമാണ് വയനാട്ടില്‍ വീണ്ടും മാവോവാദികള്‍ പ്രത്യക്ഷപ്പെടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാവോവാദി സാന്നിധ്യമുണ്ടെങ്കിലും അടുത്തിടെയൊന്നും എവിടെനിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളിലാണ് അടുത്തിടെ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ മുപ്പതോളംതവണ മാവോവാദികളെ ഈ മേഖലയില്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചന്ദ്രു, സുന്ദരി, മൊയ്തീന്‍, സോമന്‍ എന്നിവരെയാണ് ഇവിടെ കഴിഞ്ഞ ദിവസം കണ്ടതെന്നും സ്ഥിരീകരിച്ചിരുന്നു. പുതുപ്പാടി ഭാഗത്തെ ഒരു വീട്ടിലെത്തി ഇവര്‍ ഭക്ഷണം കഴിച്ചതായാണ് സ്ഥിരീകരിച്ചത്. നാലുപേരാണ് കള്ളാടിയിലുമെത്തിയത് എന്നതിനാല്‍ ഈ സംഘംതന്നെയാവാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *