KOYILANDY DIARY

The Perfect News Portal

മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‌ക്കരിച്ചു

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ ഏറ്റുവാങ്ങി കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ അടക്കം ചെയ്തു. പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവം കേസിലും വിവാദത്തിലും ആയതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ അടക്കം ചെയ്യുകയായിരുന്നു. രാവിലെ 10.45ന് ഭഗത് സിംഗ്, അഡ്വ. ആനന്ദ്, അഡ്വ. അയ്യപ്പന്‍, അഡ്വ. തുഷാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഗ്രോവാസു, ഭഗത് സിംഗ്, തുഷാര്‍ എന്നിവര്‍ക്ക് മോര്‍ച്ചറിക്കു മുന്നില്‍വച്ച്‌ അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം കൊടുത്തു. അവര്‍ ചെങ്കൊടി പുതപ്പിച്ച്‌ റീത്തുവച്ചു. മൃതദേഹം ഉപാധികളോടെ വിട്ടുനല്‍കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ശ്രമം നടന്നുവെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സല്യൂട്ട് നല്‍കി മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചവര്‍ക്ക് 11.50 വരെ ശ്മശാനത്തില്‍ പൊതുദര്‍ശനത്തിന് അവസരം കൊടുത്തു. തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ ആരംഭിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ പാടില്ലെന്നും മോര്‍ച്ചറി പരിസരത്ത് മുദ്രാവാക്യം വിളി അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. അജിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വരാത്തതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സുഹൃത്തായ ഭഗത് സിംഗാണ് ഹര്‍ജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. മൃതദേഹം ഏറ്റെടുക്കുന്നത് മുതല്‍ സംസ്കരിക്കുന്നത് വരെ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി എ.ജെ ബാബു, മെഡിക്കല്‍ കോളേജ് പൊലീസ്, ഹൈവേ പൊലീസ് എന്നിവരാണ് സുരക്ഷയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *