KOYILANDY DIARY.COM

The Perfect News Portal

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടിയിൽ

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടിയിൽ
‘ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ 2024 ഒക്ടോബർ 2 (ഗാന്ധി ജയന്തി) മുതൽ 2025 മാർച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെ നടപ്പാക്കുന്നതതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലും വിവിധ പരിപാടികളോടെ ജില്ലാ തല ഉദ്ഘാടനം നടക്കുകയാണ്.
പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ്, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.ടി പ്രസാദ് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഗൗതമൻ KAS എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ലോക വയോജന ദിനമായ ഒക്ടോബർ 1ന് മുതിർന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ വെച്ച് നടന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ശുചിത്വ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘടനവും, ജനകീയ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘടനവും, നഗരത്തെ വലയം വെച്ച് ശുചിത്വ സന്ദേശ യാത്രയും നടക്കും.
മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തിപ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത അങ്കണവാടികൾ, ഹരിത ഓഫീസുകൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പരിപാടിയിൽ ലക്ഷ്യമിടുന്നത്.
മാലിന്യ പരിപാലനത്തിന്  വിരുദ്ധമായി പ്രവൃത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് 180 ദിവസത്തെ കർമ്മ പരിപാടിയാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്. നഗരസഭ തല സംഘാടക സമിതി കൃത്യമായ ഇടവേളകളിൽ ചേർന്ന് കർമ്മപരിപാടിയുടെ പുരോഗതി അവലോകനം നടത്തും.
വീട്ടുമുറ്റ ശുചിത്വ സദസ്സുകൾ, ശുചിത്വ പദയാത്രകൾ, വീടു കയറിയുള്ള ക്യാമ്പയിനുകൾ,
പൊതു ഇടങ്ങളിലെ ശുചീകരണം, സ്ഥാപന ശുചീകരണം, ശുചിത്വ ബോധവൽക്കരണം പ്രവർത്തനങ്ങൾ, ബഹുജന ശുചിത്വ സദസ്സുകൾ, വിദ്യാലയങ്ങളിൽ ശുചിത്വ പഠനോത്സവം, നഗരസഭാതല കുട്ടികളുടെ ഹരിത സഭ, നഗരസഭയിലെ മുഴുവൻ വീടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ ഭവനം പദ്ധതി, തുടങ്ങിയ പ്രവർത്തനങ്ങളും മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടക്കും.
Share news