KOYILANDY DIARY

The Perfect News Portal

മാലിന്യം നീക്കിയില്ല: സബ് ജഡ്ജി മാലിന്യക്കൂമ്ബാരത്തിനിടയില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു

കൊച്ചി: എറണാകുളം മാര്‍ക്കറ്റില്‍നിന്ന‌് മാലിന്യം നീക്കാത്ത കോര്‍പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച‌് സബ് ജഡ്ജി മാലിന്യക്കൂമ്പാരത്തിനിടയില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എ എം ബഷീറാണ് മണിക്കൂറുകളോളം മാര്‍ക്കറ്റില്‍ കുത്തിയിരുന്നത്. സബ‌് ജഡ്ജിയുടെ പ്രതിഷേധം വാര്‍ത്തയായതോടെ കോര്‍പറേഷന്‍ മാലിന്യം നീക്കി. മുഴുവന്‍ മാലിന്യവും വാഹനത്തില്‍ കയറ്റിയതിന് ശേഷമാണ് എ എം ബഷീര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ചൊവ്വാഴ‌്ച പകല്‍ പന്ത്രണ്ടോടെയാണ‌് പ്രതിഷേധം ആരംഭിച്ചത‌്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ സംബന്ധിച്ച പരാതി പരിശോധിക്കാനാണ് അദ്ദേഹം മാര്‍ക്കറ്റില്‍ എത്തിയത്. ഇവിടെ ദിവസങ്ങളായി മാലിന്യം നീക്കുന്നില്ലെന്ന‌് കച്ചവടക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. ഇതുസംബന്ധിച്ച്‌ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും മുമ്ബ‌് പരാതി ലഭിച്ചിരുന്നു. അസഹ്യമായ ദുര്‍ഗന്ധമായിരുന്നു പ്രദേശത്ത്. ഇതോടെ മാലിന്യനീക്കം പുനരാരംഭിക്കാതെ തിരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച സബ‌്ജഡ‌്ജ‌ി സമീപത്തെ കടയില്‍നിന്ന് കസേരയെടുപ്പിച്ച്‌ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിലയുറപ്പിച്ചു.

മാലിന്യങ്ങള്‍ പൂര്‍ണമായും മാര്‍ക്കറ്റിന് പുറതെത്തിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന‌് അറിയിച്ചു. സംഭവം വാര്‍ത്തയായതോടെ കോര്‍പറേഷന്‍ അടിയന്തരമായി മാലിന്യം നീക്കാന്‍ തുടങ്ങി. മാലിന്യവുമായി അവസാന ലോറിയും മാര്‍ക്കറ്റിന് പുറത്തേക്ക് പോയശേഷമാണ‌് പ്രതിഷേധം അവസാനിപ്പിച്ചത്. മാര്‍ക്കറ്റിനുള്ളിലെ മാലിന്യനീക്കം നിരീക്ഷിക്കാന്‍ കച്ചടക്കാരെയും അഭിഭാഷകരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്ന‌് അദ്ദേഹം പറഞ്ഞു. ആഴ്ച്ചയിലൊരിക്കല്‍ ഈ കമ്മിറ്റി യോഗം ചേര്‍ന്ന് മാലിന്യനീക്കം വിലയിരുത്തും.

Advertisements

ജഡ്ജിയുടെ പ്രതിഷേധത്തിനിടെ മാലിന്യവുമായി പുറത്തുനിന്നെത്തിയ ഒരുവാഹനം മാര്‍ക്കറ്റിലെ വ്യാപാരികള്‍ കൈയോടെ പിടികൂടി. ഇയാള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ജഡ്ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസെത്തി വാഹന ഉടമയെ അറസ്റ്റ് ചെയ്തു. മറ്റു പലയിടങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ ദിവസവും മാര്‍ക്കറ്റില്‍ കൊണ്ടിടുന്നതായി വ്യാപാരികള്‍ ആരോപിച്ചു. രാത്രിയാണ‌് മാര്‍ക്കറ്റില്‍ മാലിന്യം തള്ളുന്നത്. ഫ‌്ളാറ്റ‌് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ പലയിടത്തുനിന്നുള്ള മാലിന്യങ്ങള്‍ തള്ളാന്‍ മാര്‍ക്കറ്റ് പരിസരമാണ് ഉപയോഗിക്കുന്നത്.

ഇതിനെതിരെ നിരവധിതവണ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ദിവസവും ഇരുപതോളം ലോഡ് മാലിന്യമാണ് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത്. ഇതില്‍ ആറു ലോഡ് മാത്രമാണ് പച്ചക്കറി മാലിന്യങ്ങള്‍. ബാക്കിയുള്ളവ പുറത്ത് നിന്നുള്ളതാണ്. കോര്‍പറേഷന്‍ ജീവനക്കാര്‍ രണ്ടോ മൂന്നോ ലോഡ് മാത്രമാണ് എടുക്കുന്നത്. ബാക്കിയുള്ളവ അവിടെ ശേഷിക്കുന്നതിനാല്‍ അസഹനീയമായ ദുര്‍ഗന്ധവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമാണ് സൃഷ്ടിക്കുന്നത‌്. മാര്‍ക്കറ്റിലെ കടകളില്‍ പലതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കോര്‍പറേഷന്റെയും ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *