KOYILANDY DIARY

The Perfect News Portal

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിന് വീടൊരുക്കി എന്‍എസ്‌എസ് വിദ്യാര്‍ത്ഥികൾ

കണ്ണൂര്‍: കണ്ണൂരില്‍ മാനസികാസ്വാസ്ഥ്യം പുലര്‍ത്തിയ നിരാലംബനായ യുവാവിന് വീടെന്ന ആശ്രയ മൊരുക്കി വിദ്യാര്‍ത്ഥികളുടെ മാതൃക. പാനൂരിനടുത്ത് മനേക്കരയിലെ കൃഷ്ണ കുമാറിനാണ് ചമ്ബാട് ചോതാവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍എസ്‌എസ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ സ്നേഹവീടൊരുങ്ങിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പികെ ശ്രീമതി എംപി താക്കോല്‍ദാന കര്‍മ്മം നടത്തും.

ആരോരുമില്ലാതെ കയ്യില്‍ ചാക്കുകെട്ടുമായി അലഞ്ഞുതിരിഞ്ഞ കൃഷ്ണ കുമാറിനായി 170 മണിക്കൂര്‍ അധ്വാനം ചെയ്താണ് വീടെന്ന സ്വപ്നം വിദ്യാര്‍ത്ഥികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കൃഷ്ണ കുമാറിന് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയും നല്‍കി. ബന്ധുക്കള്‍ ആരും ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാഞ്ഞതിനെ തുടര്‍ന്ന് എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസര്‍ ഇഐ ലിതേഷ് രേഖാമൂലം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിച്ചത്.

മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ കൃഷ്ണകുമാറിന് തലചായ്ക്കാന്‍ പുത്തന്‍ വീടെന്ന സ്വപ്നവും വിദ്യാര്‍ത്ഥികള്‍ ഇതിനിടെ യാഥാര്‍ത്ഥ്യമാക്കി. ഇതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥികള്‍.

Advertisements

ജനമൈത്രി പൊലീസിന്റെ ചുമതലയുള്ള എഎസ്‌ഐ ശ്രീനിവാസന്റെ ഇടപെടലിനെ തുടര്‍ന്ന് കൃഷ്ണകുമാറിന് ഒരു അണ്‍എയ്ഡഡ് സ്കൂളില്‍ സുരക്ഷാ ജീവനക്കാരനായി ജോലിയും ലഭിച്ചിരിക്കുകയാണ്. മദ്യവും ലഹരിയുമായി ജീവിതം തെരുവില്‍ പാഴാക്കുമായിരുന്ന കൃഷ്ണകുമാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായതിന്റെ ആഹ്ലാദത്തിലാണ് എന്‍എസ്‌എസ് യൂണിറ്റ്.

പഴയനില കൈവരിക്കാനായപ്പോള്‍ തന്റെ നന്ദി ആരോട് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കൃഷ്ണകുമാര്‍. കൈവിട്ടുപോയ കുടുംബം തിരിച്ചുവരുമെന്ന പ്രതീക്ഷയും കൃഷ്ണ കുമാറിനുണ്ട്. ലക്ഷംവീട് പരിസരത്ത് വ്യാഴാഴ്ച നടക്കുന്ന താക്കോല്‍ദാന ചടങ്ങില്‍ മാഹി എംഎല്‍എ ഡോവി രാമചന്ദ്രന്‍ അധ്യക്ഷനാകും. കൈതപ്രം ദാമോധരന്‍ നമ്ബൂതിരി മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *