KOYILANDY DIARY.COM

The Perfect News Portal

മാനക്കേട് ഭയന്ന് സ്വന്തം കുഞ്ഞിനെ ആദിവാസി യുവതി കൊന്ന് കുഴിച്ചു മൂടി

തിരുവനന്തപുരം: മാനക്കേട് ഭയന്ന് സ്വന്തം കുഞ്ഞിനെ ആദിവാസി യുവതി കൊന്ന് കുഴിച്ചു മൂടി. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള കക്കാടം പൊയ്യിലെ ആദിവാസികോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം രണ്ട് വര്‍ഷമായി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ സ്വന്തം അമ്മ കൊലപ്പെടുത്തിയ വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ ഞെട്ടിയിരിക്കുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്ത് കുഴിച്ചിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഭര്‍ത്താവുപേക്ഷിച്ച യുവതി കോളനിയിലെ തന്നെ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായിരുന്ന യുവതി കഴിഞ്ഞ 30നാണ് മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിക്ക് ഭാരക്കുറവുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് അയച്ചു.

ജൂണ്‍ 12ന് ആണ് യുവതിയും കുഞ്ഞും ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയത്. വാളന്തോട് പ്രദേശത്തെ വീട്ടില്‍ ആദിവാസി യുവതി ഒറ്റക്കായിരുന്നു താമസം. രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയെ കാണാനെത്തിയവരോട് അസുഖമാണെന്ന് പറഞ്ഞ് യുവതി തിരിച്ചയച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ ശബ്ദവും മറ്റും കേള്‍ക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി യുവതിയെ ചോദ്യം ചെയ്‌തെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. പോലീസ് യുവതിയുടെ കാമുകനെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കുട്ടിയെ താന്‍ കൊലപ്പെടുത്തിയെന്ന് യുവതി സമ്മതിക്കുകയായിരുന്നു. വീടിന്റെ പിറകില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഒറ്റയാക്കാണ് കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയതെന്ന് യുവതി പറഞ്ഞെങ്കിലും പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. മറ്റാരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രയമുള്ള കുഞ്ഞിനെ കൊന്നിട്ടും യാതൊരു ഭാവവിത്യാസവുമില്ലാതെയാണ് യുവതി പെരുമാറിയതെന്ന് അയല്‍വാസികള്‍ ഞെട്ടലോടെ പറയുന്നു.

Share news