KOYILANDY DIARY

The Perfect News Portal

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പൈലിങ് പൂര്‍ത്തിയാകാറായി

കൊയിലാണ്ടി >  പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി മുന്നേറ്റത്തിന്റെ പാതയില്‍. കുടിവെള്ളവും ജലസേചനവും ലക്ഷ്യംവച്ചുകൊണ്ടുള്ള സംസ്ഥാനത്തെ വേറിട്ട പദ്ധതികളിലൊന്നാണ് ചിറ്റാരിക്കടവ് പദ്ധതി. അതോടൊപ്പം ഗതാഗത പ്രശ്നത്തിനും ശാശ്വത പരിഹാരം കാണാന്‍ ഈ പദ്ധതി പ്രായോഗികതയിലെത്തുന്നതോടെ കഴിയും.

മൂന്നു നിയമസഭാ മണ്ഡലങ്ങളിലായി പരന്നു കിടക്കുന്ന കൊയിലാണ്ടി നഗരസഭയിലെയും അരിക്കുളം, നടുവണ്ണൂര്‍, ഉള്ള്യേരി പഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്നതും കൊയിലാണ്ടി ബീച്ച് അടക്കമുള്ള മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതുമായ പദ്ധതിയാണ് ഇതിലൂടെ നടപ്പാകുക. ചിറ്റാരിക്കടവില്‍ പുഴയ്ക്കു കുറുകെ ഉണ്ടാക്കുന്ന പാലം കൊയിലാണ്ടി നഗരസഭയിലെയും ഉള്ള്യേരി പഞ്ചായത്തിലെയും ജനങ്ങള്‍ക്ക് ഗതാഗതത്തിന് വളരെയധികം ഗുണം ചെയ്യും. മരുതൂര്‍, കാവുംവട്ടം ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ഉള്ള്യേരി, നടുവണ്ണൂര്‍ പ്രദേശങ്ങളിലെത്താന്‍ ഇപ്പോള്‍ തോണിയാത്ര മാത്രമാണ്  ആശ്രയം.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിയുടെ ആദ്യരൂപം ഉടലെടുത്തത്. പ്രത്യേക മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചു. യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്നതോടെ മലബാര്‍ പാക്കേജ് ഇല്ലാതായി. പദ്ധതി തന്നെ ഇല്ലാതാകുമെന്ന ഘട്ടം വന്നപ്പോള്‍ കെ ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പദ്ധതി നിലനിര്‍ത്താനായി നിരന്തരം പോരാട്ടം നയിച്ചു. നിയമസഭയില്‍ നിരവധി സബ്മിഷനുകള്‍ കൊണ്ടുവന്നു. പുതിയ എസ്റ്റിമേറ്റനുസരിച്ച് 20 കോടിയോളം രൂപ പദ്ധതിക്കായി വേണ്ടിവരുമെന്നായപ്പോള്‍, ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പദ്ധതി നിര്‍ത്തി വയ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് മൂന്നു നിയമസഭാ മണ്ഡലങ്ങളിലെയും എംഎല്‍എ മാരില്‍ നിന്ന് ഉണ്ടായത്. നബാര്‍ഡില്‍ നിന്ന് പദ്ധതിക്കുവേണ്ട തുക വായ്പയായി ലഭിക്കുമെന്ന തീരുമാനം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് അംഗീകരിച്ചത്. അതോടെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചു.

Advertisements

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തത്. പതിനെട്ടു മാസംകൊണ്ട് പൂര്‍ത്തിയാക്കാനുള്ള വ്യവസ്ഥയില്‍ മേയിലാണ് പ്രവൃത്തി ആരംഭിച്ചത്. 18 കോടി 81 ലക്ഷം രൂപയാണ് അവസാന കരാര്‍ തുക. ഏതാണ്ട് 86 മീറ്ററിലാണ് പാലം നിര്‍മിക്കുക. ഏഴര മീറ്റര്‍ വീതിയില്‍ രണ്ടു വരിയായി വാഹനങ്ങള്‍ക്ക് കടന്നുപോകാം. പുഴയില്‍ ഏഴു തൂണുകളിലായി എട്ട് സ്പാനുകള്‍ നിര്‍മിക്കേണ്ടതുണ്ട്. വെള്ളം ഒഴുക്കിവിടാനുള്ള ഷട്ടറുകളടക്കം ഒട്ടേറെ സാങ്കേതിക പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. പുഴയുടെ രണ്ടു ഭാഗത്തുമായി ഏതാണ്ട് 300 മീറ്ററോളം റോഡും നിര്‍മിക്കണം. വേനല്‍ക്കാലത്ത് ചെയ്യേണ്ടുന്ന പ്രവൃത്തിയാണ് ഇതെന്നതിനാല്‍ ഇപ്പോള്‍ വളരെയധികം പ്രയാസം സഹിച്ചുകൊണ്ടാണ് പ്രവൃത്തി നടത്തുന്നത്.

തൂണുകള്‍ നിര്‍മിക്കാനുള്ള പൈലിങ് ഏതാണ്ട് പൂര്‍ത്തിയാകാറായി. സീസണ്‍ വരുന്നതോടെ പ്രവൃത്തി ദ്രുതഗതിയിലാകും. കഴിഞ്ഞ ദിവസം കെ ദാസന്‍ എംഎല്‍എ പ്രവൃത്തി വിലയിരുത്താനായി സൈറ്റ് സന്ദര്‍ശിച്ചിരുന്നു. ഏതായാലും ഒന്നരക്കൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ  പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്്. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ വന്‍ മാറ്റമാണ് ഈ പ്രദേശത്ത് വരാന്‍ പോകുന്നത്.