മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ യാത്രക്കാരനെ പ്രദേശവാസികള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി

ഇടുക്കി: മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കാറിനെ ശക്തമായ ഒഴുക്കിനെ അവഗണിച്ച് പ്രദേശവാസികള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. തൊടുപുഴ പന്നിമറ്റത്താണ് സംഭവം.
വെള്ളിയാമറ്റത്താണ് കാര്‍ ഒഴുകിപ്പോയത്. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ രക്ഷപ്പെടുത്തി. പ്രദേശവാസികള്‍ ചേര്‍ന്ന് കാര്‍ കെട്ടിവലിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. രക്ഷപ്പെട്ട യാത്രക്കാരന് പരിക്കില്ല. പെട്ടെന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ചപ്പാത്തില്‍ വെള്ളം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് കാര്‍ ഒലിച്ചുപോയത്.

അതുവഴി വെള്ളം ഒഴുകിപ്പോകുന്നുണ്ടെന്നും യാത്ര ചെയ്യാന്‍ പാടില്ലെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അത് വകവെക്കാതെയാണ് കാര്‍ യാത്രക്കാരന്‍ ഓടിച്ചുപോതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രളയ ഭീഷണിയില്ലെങ്കിലും കനത്ത മഴയാണ് ഇടുക്കിയിലുള്ളത്. കഴിഞ്ഞദിവസം രാത്രി ഇടുക്കിയില്‍ ശക്തമായ മഴ പെയ്തു. ഇടുക്കിയിലും മൂന്നാറിലും മഴയ്ക്ക് കുറവുണ്ട്. മൂന്നാറില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

മഴ മാറി നില്‍ക്കുന്നത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഒഴിവാക്കും. ഇടുക്കിയില്‍ ഒരു മരണം മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്.

