മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടക്കം അടച്ചുപൂട്ടാനൊരുങ്ങുന്ന നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം> കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടക്കം അടച്ചുപൂട്ടാനൊരുങ്ങുന്ന നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്കൂളുകള്‍ പൂട്ടി അവിടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും പൊതു വിദ്യാഭ്യാസ രംഗം ശക്തമായി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാഭ്യാസ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്കൂളുകള്‍ എറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് വിധിക്ക് അനുസൃതമായാകും സ്കൂളുകള്‍ ഏറ്റെടുക്കുകയെന്നും മന്ത്രി പറഞ്ഞു. മാനേജ്മെന്റിന് നഷ്ടപരിഹാരം നല്‍കിയാണ് സ്കൂളുകള്‍ ഏറ്റെടുക്കുക. നിയമസഭ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണമെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

സ്കൂളുകള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് നിയമസെക്രട്ടറി അറിയിച്ചു. ഇക്കാര്യം ഇന്നു തന്നെ കോടതിയെ അറിയിക്കും. മാലപറമ്പിന് പുറമെ അടച്ചു പൂട്ടാന്‍ ഉത്തരവായ മാങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് സ്കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

