KOYILANDY DIARY

The Perfect News Portal

മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടി(കോഴിക്കോട്) :  മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത പിറുക്കന്‍തോട് കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ  മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മറ്റുള്ളവരുടേത് തിങ്കളാഴ്ച പകലുമാണ് കിട്ടിയത്. ബാക്കിയുള്ളവര്‍ക്കായി ഊര്‍ജിത തെരച്ചില്‍ തുടരുന്നു.

മരുതോങ്കര കോതോട് സ്വദേശികളായ കക്കുഴിയുള്ളകുന്നുമ്മല്‍ ശശിയുടെ മകന്‍ സജിന്‍ (കുട്ടു– 19), പാറയുള്ളപറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ് (കുട്ടന്‍–19), കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത് (മോനൂട്ടന്‍– 19) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെത്തിയത്. പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷി (ചിണ്ടന്‍–24) ന്റെ മൃതദേഹം ഞായറാഴ്ച കിട്ടിയിരുന്നു. പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു (കുഞ്ചു–20), കൊടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ദാസ് (മുത്ത്–21) എന്നിവര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ പിറുക്കന്‍തോട് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ ചെക്ക്ഡാമിന് സമീപം കടന്തറപ്പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട ഒമ്പതുപേരില്‍ വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു (22), കുട്ടിക്കുന്നുമ്മല്‍ വിനോദിന്റെ മകന്‍ വിനീഷ്(26), അമല്‍ (19) എന്നിവര്‍ രക്ഷപ്പെട്ടു.

death1

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് വനത്തില്‍ ഉരുള്‍പൊട്ടിയാണ് കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മേഘസ്ഫോടനം നടന്നതാകാമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ചെക്ക്ഡാമിന് മുകളിലൂടെ ഒരാളിലധികം പൊക്കത്തിലാണ് മലവെള്ളം കുതിച്ചെത്തിയത്. ഞായറാഴ്ച രാത്രി 11 ഓടെ മാവട്ടത്തുനിന്നാണ് രജീഷിന്റെ മൃതദേഹം കിട്ടിയത്. രാത്രിയും ഇടതടവില്ലാതെ തുടര്‍ന്ന തെരച്ചിലിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ സജിന്‍ ശശിയുടെ മൃതദേഹം ലഭിച്ചു. അപകടം നടന്നതിന് 500 മീറ്റര്‍ താഴെയായിരുന്നു മൃതദേഹം. ഒരു കിലോമീറ്ററോളം താഴെ സെന്റര്‍മുക്കില്‍നിന്ന് രാവിലെ 10.30 ഓടെ അക്ഷയിന്റെ  മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി . വൈകിട്ട് നാലോടെ രണ്ടര കിലോമീറ്റര്‍ താഴെ പന്നിക്കോട്ടൂര്‍ കോളനിക്ക് സമീപത്തുനിന്നാണ് അശ്വന്തിന്റെ മൃതദേഹം മുങ്ങിയെടുത്തത്.

രജീഷ്, സജിന്‍, അക്ഷയ് എന്നിവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പകല്‍ മൂന്നോടെ കോതോട് ഗവ. എല്‍പി സ്കൂളിന് സമീപം പ്രത്യേകം ഒരുക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചു. നാലോടെ രജീഷ്, സജിന്‍ എന്നിവരുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അക്ഷയ്, അശ്വന്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.ഉഷയാണ് രജീഷിന്റെ അമ്മ. സഹോദരന്‍: രഞ്ജിത്ത്. ബിന്ദുവാണ് സജിന്‍ ശശിയുടെ  അമ്മ. ഷിബിന്‍ സഹോദരനാണ്. പേരാമ്പ്രയില്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ അക്ഷയിന്റെ  അമ്മ നിഷ. സഹോദരി: ശ്രീമോള്‍. ശാന്തയാണ് അശ്വന്തിന്റെ അമ്മ.സഹോദരന്‍: അശ്വിന്‍.

Advertisements

തൃശൂരില്‍നിന്നെത്തിയ ദേശീയ ദുരന്തനിവാരണ സേന, നാദാപുരം, പേരാമ്പ്ര, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നി–രക്ഷാ സേനാ യൂണിറ്റുകള്‍, പൊലീസ്, പ്രാദേശിക വളന്റിയര്‍മാര്‍ എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്്. റവന്യു, കെഎസ്ഇബി, ഫോറസ്റ്റ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായവും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ  നിര്‍ദേശപ്രകാരം മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനവും തെരച്ചിലും. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും ഞായറാഴ്ച രാത്രിമുതല്‍ തിങ്കളാഴ്ച രാത്രിവരെ അപകടസ്ഥലത്തുണ്ടായി. അസി.കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ സേനാവിഭാഗം ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പൂര്‍ണസമയവും പ്രദേശത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *