KOYILANDY DIARY

The Perfect News Portal

മമ്മൂട്ടിയുടെ പുതിയ ചിത്രം കസബയ്ക്ക് എതിരേ സംസ്ഥാന വനിതാ കമ്മിഷന്‍

മമ്മൂട്ടിയുടെ പുതിയ ചിത്രം കസബയ്ക്ക് എതിരേ സംസ്ഥാന വനിതാ കമ്മിഷന്‍. സ്ത്രീവിരുദ്ധതയുടെ പേരില്‍ കസബയ്ക്ക് എതിരേ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേ നടപടിയുണ്ടാവുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെസി റോസക്കുട്ടി പറഞ്ഞു. ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത്ലൈവിനോട് ആണ് റോസക്കുട്ടി പറഞ്ഞത്.

ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പോലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല ഭാഷണം നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരേ റാങ്കിലുള്ള ഒരു സ്ത്രീയോടാണ് ഇത്തരത്തിലുള്ള സംസാരം. സ്ത്രീവിരുദ്ധതയോടൊപ്പം പോലീസ് സേനയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് അത്. മറ്റനേകം സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളുമുണ്ട് ചിത്രത്തില്‍. വിഷയം പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കും എന്നായിരുന്നു റോസക്കുട്ടി വ്യക്തമാക്കിയത്.

മമ്മൂട്ടിയെപ്പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറയുന്നു. ‘ഞാന്‍ ഇനിയും ചിത്രം കണ്ടിട്ടില്ല. പക്ഷേ ആരോപിക്കപ്പെടുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ എത്തരം സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. അദ്ദേഹം ഒരു മുതിര്‍ന്ന നടനും അറിയപ്പെടുന്ന താരവുമാണ്. അദ്ദേഹം അത്തരം അശ്ലീല സംഭാഷണങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു. തിരക്കഥയില്‍ ഉള്ളതായിരിക്കാമെങ്കിലും അദ്ദേഹത്തിന് അത് പറ്റില്ലെന്ന് പറയാമായിരുന്നു.

Advertisements

നേരത്തെ കസബയെ രൂക്ഷമായി വിമര്‍ശിച്ച്‌ ട്രാന്‍സ്ജന്‍ഡര്‍ സുകന്യ കൃഷ്ണയും രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്നുണ്ടെന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ ചിത്രത്തിലൂടെ അപമാനിക്കുന്നുവെന്നും. ഈ ഭാഗം നീക്കി ചിത്രത്തിന്റെ സംവിധായകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍ മാപ്പ് പറയണമെന്നും സുകന്യ പറയുന്നു. മമ്മൂട്ടിയെന്ന നടനിലുളള വിശ്വാസംകൊണ്ടാണ് കസബയ്ക്ക് കയറിയത്. എന്നാല്‍ കുടുംബത്തിന് കാണുവാന്‍ കൊളളില്ലാത്ത ചിത്രമാണ് കസബയെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ആരാധകര്‍ സുകന്യയുടെ ലേഖനത്തിന് നേരെ രൂക്ഷ പ്രതിഷേധവുമായി പ്രതിഷേധവുമായി രംഗത്ത് എത്തിരിയ്ക്കുകയാണ് ഇപ്പോള്‍.