മദ്യദുരന്ത കേസിൽ മണിച്ചന് മോചനം

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽവാസം 22 വർഷം പിന്നിട്ടു

ഗവർണർ ഫയലിൽ ഒപ്പു വച്ചെങ്കിലും പുറത്തിറങ്ങണമെങ്കിൽ മണിച്ചന് 20 ലക്ഷം രൂപ പിഴ കെട്ടി വയ്ക്കേണ്ടി വരും. തടവ് ശിക്ഷ മാത്രമാണ് ഇളവ് ചെയ്തതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. വിട്ടയയ്ക്കുന്നവർ അടുത്ത നാല് വർഷത്തേക്ക് മറ്റു കേസുകളിൽ പ്രതിയാകരുതെന്നും പ്രതിയായിൽ വിട്ടയയ്ക്കൽ ഉത്തരവ് റദ്ദാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.


22 വർഷമായി ജയിലിലുള്ള മണിച്ചൻ മാതൃകാ കർഷകനെന്ന് പേരെടുത്തിട്ടുണ്ട്. തടവുകാലത്തും പരോളിലും പ്രശ്നങ്ങളുണ്ടാക്കിയില്ല. 65 വയസായി. ഇതും മോചനശുപാർശയ്ക്ക് പരിഗണിച്ചിരുന്നു. ജീവപര്യന്തം തടവിലായിരുന്ന മണിച്ചന്റെ രണ്ട് സഹോദരങ്ങളെ മദ്യവ്യാപാരം നടത്തില്ലെന്ന വ്യവസ്ഥയോടെ മോചിപ്പിച്ചിരുന്നു. 31പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണ്.


മണിച്ചന്റെ ജയിൽ മോചനത്തിന് ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പതിന്നാലു വർഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് മോചിപ്പിക്കുന്നുണ്ടെന്നും ഗവർണറുടെ തീരുമാനം വൈകുന്നത് മോചിപ്പിക്കാൻ മതിയായ കാരണമാണെന്നും പേരറിവാളൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതാണ് മണിച്ചന് അനുകൂലമായത്.

2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. മണിച്ചന് പുറമേ മോചിപ്പിക്കപ്പെടുന്നവരിൽ 14 രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാം പ്രതിയുമുണ്ട്. രാഷ്ട്രീയ തടവുകാരിൽ അഞ്ച് സിപിഎമ്മുകാരും ഒൻപത് ബിജെപി ആർഎസ്എസ് പ്രവർത്തകരുമാണുള്ളത്.

