KOYILANDY DIARY.COM

The Perfect News Portal

മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘടനയെ ക്യാമ്പസിലേക്ക് കടത്തില്ലെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികളാണ്‌: എം കെ സാനു

കൊച്ചി: മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘടനയെ ക്യാമ്പസിലേക്ക് കടത്തില്ലെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന‌് പ്രൊഫ. എം കെ സാനു. മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഭിമന്യു അനുസ്മരണവും കോളേജ‌് യൂണിയന്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനപരമായി താന്‍ മനുഷ്യനാണെന്നും മനുഷ്യകുലത്തിലെ അംഗങ്ങളെല്ലാം ഒന്നാണെന്നുമുള്ള ആദര്‍ശബോധം കത്തിനില്‍ക്കുന്ന പ്രായമാണ‌് വിദ്യാര്‍ഥിയുടേത്‌. ഇക്കാലയളവില്‍ മതവികാരത്തിന് സ്ഥാനമുണ്ടാകാന്‍ പാടില്ല. അഭിമന്യു എഴുതിയ ‘വര്‍ഗീയത തുലയട്ടെ’ എന്ന വാക്യം ഹൃദയഭിത്തികളില്‍ ആലേഖനംചെയ്ത് അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ആശയപ്രചാരണം നടത്തുകയുമാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മതേതര യുവ ഇന്ത്യയുടെ പ്രതിജ്ഞയും പ്രതീകവുമായി അഭിമന്യു മാറിയതായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട‌് പറഞ്ഞു. രാജ്യചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഈ കാലത്ത‌് ജെഎന്‍യുവില്‍ ഇടതുപക്ഷകൂട്ടായ‌്മ നേടിയ വിജയം വലിയ പ്രത്യാശയാണ‌് നല്‍കുന്നത‌്. വിജയാഹ്ലാദം നടത്തിയ അവരുടെ വസ‌്ത്രങ്ങളില്‍ അഭിമന്യുവിന്റെ ചിത്രമാണ‌് ആലേഖനം ചെയ‌്തിരുന്നത‌്. മതേതര യുവ ഇന്ത്യയുടെ പ്രതീകമായി അഭിമന്യു മാറുന്നു എന്നാണ‌് ഇതില്‍നിന്ന‌് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

അഭിമന്യുവിന്റെ ഓര്‍മയെ ഒരു രാഷ്ട്രീയസമരമാക്കി, അതിനുള്ള ഊര്‍ജമാക്കി മാറ്റാന്‍ കഴിയണമെന്ന‌് മഹാരാജാസിലെ മുന്‍ ചെയര്‍മാന്‍കൂടിയായ ഡോ. സുനില്‍ പി ഇളയിടം പറഞ്ഞു. അഭിമന്യുവിനെക്കുറിച്ചുള്ള ഓര്‍മയ‌്ക്ക‌് വലിയ ആഴവും അര്‍ഥവ്യാപ‌്തിയുമുണ്ട‌്. നമ്മുടെ രാഷ്ട്രശരീരത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മാരകമായ വിപത്തിനോടാണ‌് അഭിമന്യു ഏറ്റുമുട്ടിയത‌്; അതിനിരയായാണ‌് മരണപ്പെട്ടത‌ും. അതാണ‌് അഭിമന്യുവിനെക്കുറിച്ചുള്ള ഓര്‍മയുടെ കാതലായ വശം. അതുകൊണ്ടുതന്നെ ആ ഓര്‍മയെ, വര്‍ഗീയത എന്ന വിപത്തിനെ ഇല്ലാതാക്കാനുള്ള ഊര്‍ജമാക്കി മാറ്റാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജ‌് യൂണിയനിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക‌ുള്ള ഉപഹാരങ്ങള്‍ സുനില്‍ പി ഇളയിടം നല്‍കി. അഭിന്യുവിനൊപ്പം കുത്തേറ്റ അര്‍ജുനെയും വിനീതിനെയും ചടങ്ങില്‍ ആദരിച്ചു. പൂര്‍വവിദ്യാര്‍ഥികളായ പ്രിയേഷ് കുറുമാനി, സിഐസിസി ജയചന്ദ്രന്‍, എന്‍ സതീഷ‌്, സത്യന്‍ കുളകാട്, പ്രിന്‍സിപ്പല്‍ കെ എന്‍ കൃഷ്ണകുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *