ഭൂകമ്പം ഉണ്ടായാലും മുല്ലപ്പെരിയാര്‍ ഡാം തകരില്ല ; ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം• മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ‘സുവര്‍ണം-2015’ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ മുന്‍ ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജസ്റ്റിസ് കെ.ടി. തോമസ്. ഡാം തകരുമെന്ന തെറ്റിദ്ധാരണ ഉന്നതാധികാര സമിതി സമര്‍പ്പിച്ച 5000 പേജുള്ള റിപ്പോര്‍ട്ട് പഠിച്ചാല്‍ പൂര്‍ണമായും മാറുമെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന് നേരത്തെ തനിക്കും ആശങ്ക ഉണ്ടായിരുന്നെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചപ്പോള്‍ അതു മാറിയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിലുള്ള ഭൂകമ്പം
ഉണ്ടായാലും ഡാം തകരില്ല. ഈ കാര്യങ്ങള്‍ മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിയണം. മൂന്നു ഘട്ടങ്ങളിലായി അണക്കെട്ടു ബലപ്പെടുത്തിയിട്ടുണ്ട്. ഒരു മീറ്ററില്‍ 12 ടണ്‍ എന്ന രീതിയില്‍ 373 മീറ്ററില്‍ ഡാമിനു ചുറ്റും കോണ്‍ക്രീറ്റ് ക്യാപ്പിങ് നടത്തിയിട്ടുണ്ട്. 103 സ്റ്റീല്‍ പില്ലറുകളുടെ സഹായത്തോടെ കേബിള്‍ ആങ്കറിങ്ങും നടത്തിയിട്ടുണ്ട്.
