ബസ് ജീവനക്കാരുടെ കരുതല്‍ യാത്രക്കാരൻ്റെ ജീവന് രക്ഷിച്ചു
വെള്ളിമാടുകുന്ന്: ബസ് ജീവനക്കാരുടെ കരുതല്‍ യാത്രക്കാരൻ്റെ ജീവന് രക്ഷിച്ചു. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ നിമിഷങ്ങള്‍ പാഴാക്കാതെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരാണ് കക്കോടി സ്വദേശിയുടെ ജീവന് രക്ഷിച്ചത്. ബുധനാഴ്ച ഉച്ച രണ്ടിന് 50കാരനായ കക്കോടി തൂമ്ബുകുഴി രവി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍നിന്ന് ജോലികഴിഞ്ഞ് ബസില്‍ കയറി. സിവില്‍ സ്റ്റേഷനടുത്തെത്താറായപ്പോഴാണ് രവി കുഴഞ്ഞുവീണത്.

ഇതോടെ യാത്രക്കാരെ ഇറക്കാതെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിമാട്കുന്ന്-സിറ്റി റൂട്ടിലോടുന്ന ഫാന്റസി ബസിലെ ഡ്രൈവര്‍ അനൂപും കണ്ടക്ടര്‍ നിസാമുമാണ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. യാത്രക്കാരുടെ ടിക്കറ്റ് തുക തിരിച്ചുനല്‍കി, രോഗിയെ ആശുപത്രിയിലാക്കി ബന്ധുക്കള്‍ എത്തുന്നതുവരെ ആശുപത്രികാര്യങ്ങള്‍ ഇവര്‍ കൈകാര്യംചെയ്യുകയും ചെയ്തു. രോഗിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


