KOYILANDY DIARY

The Perfect News Portal

ബോബ് ഡിലന് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം

സ്റ്റോക്ഹോം> അമേരിക്കന്‍ ഗാനരചയിതാവും ഗായകനുമായ ബോബ് ഡിലന് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം. ഗാനരചയിതാവിന് സാഹിത്യ നൊബേല്‍ നല്‍കുന്നത് ഇതാദ്യമായാണ്. 1993ല്‍ നോവലിസ്റ്റ് ടോണി മോറിസനുശേഷം സാഹിത്യ നൊബേല്‍ നേടുന്ന അമേരിക്കക്കാരനാണ് ഡിലന്‍. അമേരിക്കന്‍ ഗാനപാരമ്പര്യത്തില്‍ നവീന കാവ്യാനുഭവം സൃഷ്ടിച്ചതിനാണ് എഴുപത്തഞ്ചുകാരനായ റോക്ക് ഇതിഹാസത്തിന് പുരസ്കാരം നല്‍കുന്നതെന്ന് നൊബേല്‍ സമിതി വ്യക്തമാക്കി.

ഇംഗ്ളീഷ് ഭാഷാപാരമ്പര്യത്തിലെ മഹാനായ കവിയാണ് ഡിലനെന്ന് പുരസ്കാരം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി പെര്‍മനന്റ് സെക്രട്ടറി സാറ ഡാനിയസ് പറഞ്ഞു. 54 വര്‍ഷമായി സ്വയം നവീകരിക്കാനും പുതിയ സ്വത്വം സൃഷ്ടിക്കാനും നിരന്തരം ശ്രമിക്കുകയാണ് ഡിലനെന്നും അവര്‍ പറഞ്ഞു. ലാസ് വേഗാസിലെ കോസ്മോപൊളിറ്റന്‍ ഹോട്ടലില്‍ സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കെയാണ് ബോബ് ഡിലനെ തേടി നൊബേല്‍ എത്തിയത്.

അതേസമയം, 112 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു പാട്ടുകാരന് നൊബേല്‍ സമ്മാനിച്ചത് സാഹിത്യലോകത്ത് വിമര്‍ശവും ഉയര്‍ന്നു. സാഹിത്യരംഗത്ത് ശക്തസാന്നിധ്യമായ നിരവധിപേരെ പിന്തള്ളി ഡിലന് പുരസ്കാരം നല്‍കാനുള്ള നൊബേല്‍ സമിതിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഡിലന്‍ മികച്ച പാട്ടുകാരനും സംഗീതജ്ഞനുമാണെന്ന കാര്യം അംഗീകരിക്കുമ്പോഴും നൊബേലിന് അര്‍ഹതയുള്ള സാഹിത്യകാരനല്ല അദ്ദേഹമെന്നാണ് വിമര്‍ശം.

Advertisements

പഠനകാലത്തുതന്നെ പാട്ടുകളുടെ ലോകത്തെത്തിയ ഡിലന്‍ മിനസോട്ടയിലെ കോഫിഹൌസുകളില്‍ പാടിക്കൊണ്ട് 1959ലാണ് സംഗീതജീവിതം സജീവമാക്കിയത്. 1960കളിലാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികള്‍ പിറന്നത്. ബ്ളോവിന്‍ ഇന്‍ ദ വിന്‍ഡും ദ ടൈംസ് ദെ ആര്‍ എ ചെയ്ഞ്ചിനുമെല്ലാം അമേരിക്കയിലെ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെയും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ഗാനങ്ങളായി ഉയര്‍ന്നുകേട്ടു. ഹൈവേ 61 റി വിസിറ്റഡ് (1965), ബ്ളോന്‍ഡ് ഓന്‍ ബ്ളോന്‍ഡ് (1966), ദ ബ്ളഡ് ഓണ്‍ ദ ട്രാക്സ് (1975) തുടങ്ങിയ ആല്‍ബങ്ങള്‍ ഡിലനെ ജനപ്രിയനാക്കി. അദ്ദേഹത്തിന്റെ പത്തുകോടിയിലേറെ ആല്‍ബങ്ങളാണ് വിറ്റഴിഞ്ഞത്. ഓസ്കറും ഗ്രാമിയും ഗോള്‍ഡണ്‍ ഗ്ളോബും ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളും ഡിലനെ തേടിയെത്തി.ഡിസംബര്‍ പത്തിന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനത്തിലാണ് പുരസ്കാരം വിതരണംചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *