KOYILANDY DIARY

The Perfect News Portal

ബേസ്ബാള്‍ വനിതാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്: സി.സി. പ്രിയയുടെ യാത്ര ചിലവ്‌ സര്‍ക്കാര്‍ നല്‍കും

വളയം: ബേസ്ബാള്‍ വനിതാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിലങ്ങാട് വായാട് കുറിച്യ കോളനിയിലെ സി.സി. പ്രിയയ്ക്ക് യാത്രയ്ക്കുള്ള പണം സംസ്ഥാനസര്‍ക്കാര്‍ നല്‍കും. ഹോങ്കോങ്ങില്‍ സെപ്തംബര്‍ രണ്ടു മുതല്‍ ഏഴു വരെയാണ് ചാമ്പ്യന്‍ഷിപ്. ബേസ് ബാളില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ആദിവാസി വിഭാഗത്തിലുള്ള താരം ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടുന്നത് .

യാത്രാചെലവിനുള്ള ഒരു ലക്ഷത്തിലധികം രൂപയില്ലാത്തതിനാല്‍ പ്രതിസന്ധിയിലായിരുന്ന താരം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് നടപടിയായത്. പ്രിയയ്ക്ക് യാത്രയ്ക്കുള്ള പണം നല്‍കുമെന്ന് ഇന്നലെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

വിലങ്ങാട് സെന്റ് ജോര്‍ജ് സ്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലൂടെ പ്രിയ കായികരംഗത്ത് സജീവമായി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ ബിരുദ പഠനത്തിനിടെയാണ് ബേസ് ബോള്‍ താരമായത്. ഇപ്പോള്‍ എം.എസ്.ഡബ്ല്യു അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയും കേരള സീനിയര്‍ ടീമംഗവുമായ പ്രിയയെ ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കുകയായിരുന്നു. കോളേജിലെ കോച്ച്‌ സിബു ശിവദാസ് സൗജന്യമായാണ് ഇതുവരെ പരിശീലനം നല്‍കിയത്. ഏഷ്യന്‍ മീറ്റിനു മുന്നോടിയായി ഈ മാസം 22 നു ഒറീസയില്‍ നടക്കുന്ന പരിശീലന ക്യാമ്ബിലും പങ്കെടുക്കേണ്ടതുണ്ട് .കഴിഞ്ഞയാഴ്ചയാണ് ചണ്ഡീഗഡിലെ ദേശീയ മത്സരത്തില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയത്.

Advertisements

2016ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന മത്സരത്തിനുള്ള യാത്രാച്ചെലവുകള്‍ വീട്ടുകാരുടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കളും വില്പന നടത്തിയും നാട്ടുകാരുടെ സഹായം കൊണ്ടും കണ്ടെത്തുകയായിരുന്നു. ഇത്തവണ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തുക കണ്ടെത്താന്‍ പത്തു സെന്റ് ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത വീട്ടില്‍ കഴിയുന്ന പിതാവ് കുട്ടിയാരപ്പനും മാതാവ് ദേവിക്കും സാധിക്കുമായിരുന്നില്ല.

സര്‍ക്കാരും ഉദാരമനസ്കരും കനിഞ്ഞില്ലെങ്കില്‍ അവസരം നഷ്ടമാകുമെന്ന് ഇന്നലെ നാദാപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രിയയും കുടുംബം പറഞ്ഞിരുന്നു. പണം നല്‍കുമെന്ന് വൈകീട്ട് മന്ത്രിയുടെ അറിയിപ്പെത്തിയതോടെയാണ് ആശങ്കയകന്നത്.

Leave a Reply

Your email address will not be published. Required fields are marked *