KOYILANDY DIARY

The Perfect News Portal

ബേപ്പൂര്‍ കയ്യടിത്തോട് കടല്‍ക്കരയിലടിഞ്ഞ തിമിംഗിലത്തിന്റെ ജഡം മറവ് ചെയ്തു

ബേപ്പൂര്‍: ബേപ്പൂര്‍ കയ്യടിത്തോട് കടല്‍ക്കരയിലടിഞ്ഞ തിമിംഗിലത്തിന്റെ ജഡം വെള്ളിയാഴ്ച വനംവകുപ്പ് അധികൃതരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഗോതീശ്വരം കടപ്പുറത്ത് മറവ് ചെയ്തു. കയ്യടിത്തോട് തീരത്ത് ജഡം മറവ് ചെയ്യാന്‍ അനുയോജ്യമായ സ്ഥലമില്ലാഞ്ഞതിനാല്‍ കോസ്റ്റല്‍ പോലീസ് ബോട്ടിന്റെ സഹായത്തോടെ കയ്യടിത്തോട്ടില്‍നിന്ന് കടലിലൂടെ കെട്ടിവലിച്ച്‌ മത്സ്യത്തൊഴിലാളികളും പോലീസും ചേര്‍ന്ന് ഗോതീശ്വരം തീരത്തെത്തിച്ചാണ് 3000 കിലോഗ്രാം വരുന്ന ജഡം മറവ് ചെയ്തത്.

ആന്തരികാവയവങ്ങള്‍ പുറത്തുചാടിയ നിലയിലുള്ള തിമിംഗിലത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ജഡം മത്സ്യത്തൊഴിലാളകളായ കോണ്ടന്റകത്ത് പ്രകാശന്‍, മഹേഷ്, ജംഷി, ബൈജു എന്നിവര്‍ ചേര്‍ന്ന് പ്ളാസ്റ്റിക് കയര്‍ കൊണ്ട് വരിഞ്ഞ് കെട്ടി ജെ.സി.ബി.യുടെ സഹായത്തോടെ കരയിലെ വന്‍കുഴിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഇരുമ്പു വടം കൊണ്ടുവന്നാണ് ജെ.സി.ബി.കൊണ്ട് ജഡം കുഴിയിലേക്ക് നീക്കിയത്. 15 മീറ്റര്‍ നീളമുള്ള ജഡം കുഴിയിലേക്ക് നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. കൗണ്‍സിലര്‍ പൊന്നത്ത് ഷൈമ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സ്ഥലത്തെത്തിയിരുന്നു.

വന്യജീവി നിയമ പ്രകാരം വനശ്രീ അധികൃതര്‍ മാറാട് പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും സാന്നിധ്യത്തില്‍ തിമിംഗിലത്തിന്റെ ജഡം മറവ് ചെയ്യുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ സ്വീകരിച്ചു. മാറാട് എസ്.ഐ. ബിനീഷ്, കോസ്റ്റല്‍ പോലീസ് സി.ഐ. സതീശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, സുബ്രഹ്മണ്യന്‍ ബീറ്റ് ഓഫീസര്‍ മുരളീധരന്‍ എന്നിവരും ജഡം മറവ് ചെയ്യുന്നതിന് മേല്‍നോട്ടം വഹിച്ചു. ജില്ലാ വെറ്ററിനറി സെന്ററിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി. സലാഹുദ്ദീന്‍, അസിസ്റ്റന്റ് പ്രോജക്‌ട് ഓഫീസര്‍ ഡോ. പി.കെ. ഷിഹാബുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ജഡം പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് കോഴിക്കോട് റീജണല്‍ ക്ളിനിക്കല്‍ ലബോറട്ടറിയിലേക്കയച്ചു.

Advertisements

ബലീന്‍ വെയ്ല്‍ ഇനത്തില്‍പ്പെട്ട പല്ലില്ലാത്ത തിമിംഗിലമാണ് കരയ്ക്കടിഞ്ഞതെന്ന് തിമിംഗിലത്തിന്റെ ജഡം പരിശോധിച്ച കോഴിക്കോട്ടെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ.പി.കെ. അശോകനും ഡോ. കെ. വിനോദും പറഞ്ഞു. വന്‍ മത്സ്യക്കൂട്ടങ്ങളെ ഒറ്റയടിക്ക് അകത്താക്കുന്ന തിമിംഗിലമാണിത്. ഈ തിമിംഗിലം ചാവാനിടയായ കാരണം പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സാമ്പിളുകള്‍ ശേഖരിച്ച്‌ ഫലം അറിയാനായി കൊച്ചിയിലെ സി.എം.എഫ്. ആര്‍.ഐ. ലബോറട്ടറിയിലേക്ക് അയച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഒരുമാസമെങ്കിലും പഴകിയ ജഡമാണിത്. കപ്പലിടിച്ചോ, വിഷം അകത്ത് ചെന്നോ, മറ്റ് എന്തെങ്കിലും കാരണങ്ങളാലോ ചത്തതാകാമെന്നാണ് നിഗമനം. കയ്യടിത്തോട് ബുധനാഴ്ചയാണ് തിമിംഗിലത്തിന്റെ ജഡം കടല്‍ ഭിത്തിക്ക് സമീപം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *