KOYILANDY DIARY

The Perfect News Portal

ബിഡിജെഎസ് ന് കൂപ്പുകൈ ചിഹ്നം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

 

ദില്ലി: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനക്ക് (ബിഡിജെഎസ്) കൂപ്പുകൈ ചിഹ്നം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചട്ടപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയുമായി ഏറെ സാമ്യമുള്ളതാണ് കൂപ്പുകൈ. വോട്ടര്‍മാര്‍ക്കിടയില്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കും എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

അതേസമയം വെളളാപ്പളളിയുടെ പാര്‍ട്ടിക്ക് ‘കൂപ്പുകൈ’ ചിഹ്നം അനുവദിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റേതിന് സമാനമായ ചിഹ്നമാണ് ബിഡിജെഎസിന്റേതെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും വിഎം സുധീരന്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നയിച്ച സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ വെച്ചാണ് പുതിയ പാര്‍ട്ടിയും ചിഹ്നവും പ്രഖ്യാപിച്ചത്. കുങ്കുമം-വെളുപ്പ് നിറങ്ങളിലുളള കൊടിയും സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു