KOYILANDY DIARY

The Perfect News Portal

ബിജെപി വാര്‍ഡ് കൗണ്‍സിലറും റഷ്യക്കാരിയും കാര്‍ അപകടത്തില്‍ മരിച്ചു

കൊട്ടാരക്കര : കൊട്ടാരക്കര  എംസി റോഡില്‍ ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ പന്തളം നഗരസഭ ടൗണ്‍ വാര്‍ഡ് കൗണ്‍സിലറും ബിജെപി നഗരസഭാ കക്ഷി നേതാവുമായ കൊരമ്ബാല കിഴക്കേപനയ്ക്കല്‍ വീട്ടില്‍ ഉദയചന്ദ്രനും (37) റഷ്യക്കാരി വോല വലോഷിനയും (46) മരിച്ചിരുന്നു.  പരിക്കേറ്റ രണ്ട് റഷ്യാക്കാരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കാറിലുണ്ടായിരുന്ന മറ്റു റഷ്യന്‍ വനിതകളായ ഡിന മാലിക് (44), ഇറിന പോളിയക്കോസ് (47) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ പുത്തൂര്‍മുക്കിനു സമീപം സിഎസ്‌ഐ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. ഉദയചന്ദ്രനാണ് കാര്‍ ഓടിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പന്തളത്തെ ജ്യോതിഷ ഗവേഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു റഷ്യന്‍ സംഘം. ഇവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു ഉദയചന്ദ്രന്‍. കാര്‍ പൂര്‍ണമായി തകര്‍ന്നു. ഉള്ളില്‍ കുടുങ്ങിയവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉദയചന്ദ്രനും വോല വലോഷിനയും തല്‍ക്ഷണം മരിച്ചു.