ബാങ്ക് ആക്രമണക്കേസ്: കൂടുതല്‍ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളില്‍ നടന്ന ദേശീയപണിമുടക്കിനിടെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത നാല് എന്‍ജിഒ യൂണിയന്‍ നേതാക്കളെക്കൂടി സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, അനില്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, ഈ ബാങ്ക് ആക്രമണക്കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളി. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് ദിവസമാണ് ആക്രമണമുണ്ടായത്. സമരാനുകൂലികള്‍ ഓഫീസ് അടിച്ചു തകര്‍ത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമര സമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

രണ്ട് ദിവസത്തെ പണിമുടക്കില്‍ ആദ്യദിനം എസ്ബിഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകള്‍ ബ്രാഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി.

മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്ബ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാല്‍ ബാങ്ക് അടച്ചിടാനാകില്ലേ – എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികള്‍. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജര്‍ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ ആക്രമണം തുടങ്ങിയതെന്നും മാനേജര്‍ പറയുന്നു.
ബാങ്കില്‍ എത്തിയ ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്ക് അഹങ്കാരമാണോ? പ്രത്യേകിച്ച് ഇനി നിങ്ങളോട് പറയണോ ബാങ്ക് അടച്ചിടാന്‍ എന്ന് ആക്രോശിക്കുകയും, ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തെന്ന് ജീവനക്കാരും വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ കന്റോണ്‍മെന്റ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
