KOYILANDY DIARY

The Perfect News Portal

ഫാസിസ്റ്റ് വിരുദ്ധ ”ജനകീയ പ്രതിരോധം” പി ടി തോമസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> വർഗ്ഗീയ ഫാസിസത്തെയും മാനവികതയ്‌ക്കെതിരെയുള്ള വെല്ലുവിളികളെയും ഗാന്ധിയൻ ദർശനങ്ങൾക്കൊണ്ട് പ്രതിരോധിക്കണമെന്ന് മുൻ എം.പി. പി ടി തോമസ്. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി ഫാസിസ്റ്റ് വിരുദ്ധ ഐക്യവേദി അരിക്കുളം മുക്കിൽ സംഘടിപ്പിച്ച   ”ജനകീയ പ്രതിരോധം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഹിത് വെമുലയെന്ന ദളിത് വിദ്യാർത്ഥിയെ മരണത്തിനിടയാക്കിയും ലോക പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാതെയും സവർണ ഫാസിസം കടുത്ത അസഹിഷ്ണുത തുടരുകയാണ്. ഗുജറാത്ത് കലാപത്തിൽ ഇരകൾക്കൊപ്പം നിന്ന മല്ലികയുടെ അമ്മയാണെന്നുള്ളതാണ് മൃണാളിനി ചെയ്ത അപരാധം. കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയും അവഗണിച്ചും വരുതിയിലാക്കാമെന്ന് ഹിന്ദുത്വ വർഗീയ വാദികൾ തെറ്റിദ്ധരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകൾ ഇന്ത്യയിൽ വേരുറപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരം തിന്മകൾക്കെതിരെ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ കുറഞ്ഞു വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജാതിവ്യവസ്ഥയിൽ മനുഷ്യൻ ജനിക്കുമ്പോൾ തന്നെ കുറ്റവാളിയാവുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ദളിതനെ കുലത്തൊഴിലിൽ പിടിച്ചുകെട്ടാനുള്ള വരേണ്യ സംസ്‌കാരത്തിലേക്ക് രാജ്യം തിരിച്ചുനടക്കുകയാണ്. ഇത് ഫാസിസത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകർഷതാ ബോധമാണ് ഇന്ത്യയിലെ ദളിതരുടെ ശാപം. രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് ഒരു ജനതയുടെ തിരിച്ചറിയൽ രേഖയാണ്. നവോത്ഥാന നായകരെ ജാതി സംഘടനകൾ കവർച്ച ചെയ്യുന്ന പുതിയ കാലത്ത് പൊതുസമൂഹം ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ ഡ്രമ്മിൽ താളമിട്ട് റോജി വർഗ്ഗീസിന്റെ ഉണർത്തുപാട്ടും മഹേഷ് ചെക്കോട്ടിയുടെ ഏകപാത്ര നാടകവും അരങ്ങേറി. ഫാസിസത്തിനെതിരെയുള്ള ചിത്രകാരന്മാരുടെ കൂട്ടായ്മയും ചാർട്ട് പ്രദർശനവും ശ്രദ്ധേയമായി. റഹ്മാൻ കൊഴുക്കല്ലൂർ, ദിലീപ് കീഴൂർ, രജീഷ് എന്നീ ചിത്രകാരന്മാർ പങ്കെടുത്തു. കാരയാട് കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ, എൻ വി ബാലകൃഷ്ണൻ, അജയ് ആവള, പി കെ അൻസാരി, സി രാഘവൻ, സാജിദ് ഏക്കാട്ടൂർ, സി അരവിന്ദൻ, ഇല്ല്യാസ് കുണ്ടൂർ എന്നിവർ സംസാരിച്ചു.