KOYILANDY DIARY

The Perfect News Portal

പ്രവാസികളുടെ തിരിച്ചു വരവ്: കോഴിക്കോട് ജില്ലാതലകൂട്ടായ്മ നിലവിൽ വന്നു 

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ അകപ്പെട്ട പ്രവാസികൾ  തിരിച്ചെത്തുമ്പോൾ അവർക്കാവശ്യമുള്ള  സൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാർ സംവിധാനങ്ങൾക്ക് പിന്തുണയേകാൻ കേരളപ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മയ്ക്ക് രൂപം നൽകി.  ജില്ലാഭരണ മേധാവികൾ, ജനപ്രതിനിധികൾ , വിവിധരാജ്യങ്ങളിലെ പ്രവാസി സംഘടനാ പ്രതിനിധികൾ, ലോക കേരളസഭാഅംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ടാണ് കൂട്ടായ്മ നിലവിൽ വന്നത്. 
കേരള പ്രവാസിസംഘം സംസ്ഥാന  ട്രഷററും നോർക്ക ക്ഷേമനിധി ഡയരക്ടറുമായ ബാദുഷ കടലുണ്ടി (രക്ഷാധികാരി), നവോദയ കിഴക്കൻ പ്രവിശ്യ കേന്ദ്ര എക്സി. അംഗം സലിം മണാട്ട് ( ചെയർമാൻ) പ്രവാസിസംഘം കോഴിക്കോട് ജില്ലാ സിക്രട്ടറി സി വി ഇക്‌ബാൽ (ജനറൽ കൺവീനർ) പ്രവാസിസംഘം  ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രൻ , ട്രഷറർ എം ജോഹർ (കൺവീനർ) കേളി സാംസ്കാരികവേദി പ്രതിനിധി റഫീഖ് പാലത്ത് , പ്രവാസിസംഘം ജില്ലാ വൈ. പ്രസിഡണ്ടും ലോക കേരളസഭാഅംഗവുമായ പി. കെ. കബീർ സലാല (വൈ: ചെയർമാൻ) എന്നിവർ ഭാരവാഹികളാണ്.
വിദേശത്തു ലോക്ക് ഡൌൺ കാരണം തൊഴിൽ നഷ്ടപ്പെട്ട സാധാരണ പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കുക , നാട്ടിലും വിദേശത്തും പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്കു പരിഹാരം തേടുന്നതിനാവശ്യമായ സർക്കാർതല ക്രോഡീകരണം നടത്തുക, തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനു സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുക തുടങ്ങി ജില്ലയിൽ പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ അഭിമുഖീകരിക്കുകയും പരിഹാരം തേടുകയുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെന്നും  വ്യാഴാഴ്ച മുതൽ പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുമ്പോൾ സഹായവുമായി കൂട്ടായ്മയുടെ പ്രവർത്തകർ രംഗത്തുണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു.
അടിയന്തിര സാഹചര്യത്തിൽ തിരിച്ചു വരുന്ന പ്രവാസികളുടെ യാത്രാ ചെലവ് പൂർണ്ണമായും കേന്ദ്രസർക്കാർ വഹിക്കണമെന്നു കൂട്ടായ്മ ആവശ്യപ്പെട്ടു.  കോവിഡ് ബാധ മൂലം വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങളെ ജില്ലാ പ്രവാസി കൂട്ടായ്മ അനുശോചനമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *