പ്രവാസികളുടെ കൂട്ടായ്മയിൽ ചിറ്റാരിക്കടവിൽ മത്സ്യ ഫാം ഒരുങ്ങുന്നു
കൊയിലാണ്ടി: നൂറു പ്രവാസികളുടെ കൂട്ടായ്മയിൽ ഉള്ളിയേരി ചിറ്റാരിക്കടവിൽ വിപുലമായ തോതിൽ മത്സ്യഫാം ഒരുങ്ങുന്നു. കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയിലെ കന്നൂര് ടൗണിൽ നിന്ന് അരക്കിലോമീറ്റർ അകലെയായാണ് ചിറ്റാരിക്കടവ് പ്രവാസി ഫാം പ്രോജക്ട് (ചിപ്പ്) പ്രവർത്തിക്കുന്നത്. 2020-ൽ കോവിഡ് പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളാണ് പുതിയൊരു തൊഴിൽ മേഖലയെന്ന നിലയിൽ പദ്ധതിക്ക് രൂപം നൽകിയത്. ഉപ്പുവെള്ളം നിറഞ്ഞ് ചുറ്റുപാടും കാടുപിടിച്ചു കിടന്ന സ്വകാര്യ വ്യക്തികളുടെ നാല് ഏക്കർ സ്ഥലം വെട്ടിത്തെളിച്ചാണ് മനോഹരമായ മത്സ്യഫാമാക്കി രൂപാന്തരപ്പെടുത്തിയത്. ഫാമിന് ചുറ്റും ചെളികൊണ്ട് ബണ്ട് കെട്ടിയുയർത്തി വേലികെട്ടാൻ തന്നെ 70 ലക്ഷം രൂപയോളം ചെലവായതായി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രവാസിയായ അത്തിക്കോട്ട് ഭരതൻ പറഞ്ഞു.

ഫാമിലേക്ക് നീർനായകൾ കടന്നുവരാതിരിക്കാൻ ചുറ്റുപാടും ഉറപ്പേറിയ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. ജല ക്രമീകരണത്തിന് രണ്ട് ചെറു ചീർപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അംഗങ്ങളിൽനിന്ന് 75,000 രൂപ വീതം സമാഹരിച്ചാണ് പദ്ധതി തുടങ്ങിയത്. മത്സ്യഫാമിനോടൊപ്പം ഫാം ടൂറിസം രംഗത്തേക്കും ഈ കൂട്ടായ്മ കടക്കുന്നുണ്ട്. ഫാമിനോട് ചേർന്ന് പ്രവാസി സൂപ്പർമാർക്കറ്റ്, മത്സ്യ വിപണന കേന്ദ്രം, മത്സ്യ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടൽ, മിനി കോൺഫറൻസ് ഹാൾ, ബോട്ടിങ് എന്നിവയും സജ്ജമാക്കും. പെരുവണ്ണാമൂഴി കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ബി. പ്രദീപ് കുമാറിന്റെയും അത്തോളിയിലെ പ്രമുഖ മത്സ്യ കർഷകൻ കൂളത്താം കണ്ടി മനോജിൻ്റെയും മാർഗ നിർദേശങ്ങളോടെയാണ് ഫാം രൂപകല്പന ചെയ്യുന്നത്.


ആദ്യഘട്ടത്തിൽ 30,000 പൂമീൻ കുഞ്ഞുങ്ങളെയും 10,000 കരിമീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും. കരിമീൻ വിത്തുത്പാദനകേന്ദ്രവും അനുബന്ധമായുണ്ടാവും. പെരുവണ്ണാമുഴി കൃഷിവിജ്ഞാൻ കേന്ദ്രത്തിൻ്റെ ചെമ്മീൻ വളർത്തുന്ന ഗവേഷണകേന്ദ്രവും ഫാമിൻ്റെ ഒരുഭാഗത്തുണ്ടാവും. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് ഉടൻ നടത്തുമെന്ന് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. വിദേശത്തും സ്വദേശത്തുമുള്ള പ്രവാസികളായ ടി.പി. ജയരാജൻ, എടവലത്ത് ബാബുരാജ്, സിനീഷ് കേളോത്ത്, വി.കെ. സുധീഷ്, ഷൈലേഷ് രാജ്, അഡ്വ. സുനിൽകുമാർ, ശരത്ത് ചൂരക്കാട്ട്, വി.എം. അസീസ്, ഫൈസൽ ദുബായ്, ഇ. അബ്ദുൾ സമദ്, സിറാജ്, അഡ്വ. പി.കെ. സജിൽ, ബിനു അരീക്കൽ, ബഷീർ എടവലത്ത്, സുജിത്ത്, എ.കെ. രമേശൻ തുടങ്ങിയവരെല്ലാം ഫാമിൻ്റെ പ്രവർത്തകരാണ്.


