പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന 10,000 രൂപ വീതമുള്ള സഹായവിതരണം അഞ്ചിനകം പൂര്‍ത്തിയാക്കും: തോമസ് ഐസക്

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന 10,000 രൂപ വീതമുള്ള സഹായവിതരണം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏറെപ്പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. എല്ലായിടത്തും യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പലതിനും അപ്പോള്‍ തന്നെ പരിഹാരം നിര്‍ദേശിച്ചു. തകഴേ,എടത്വാ, തലവടി, മുട്ടാര്‍, വെളിയനാട്, നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, രാമങ്കരി, ചമ്ബക്കുളം, നെടുമുടി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
അര്‍ഹരായവര്‍ക്കുതന്നെയാണ് ദുരിതാശ്വാസ തുക ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് പറഞ്ഞു. കിറ്റ് തയ്യാറാക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതരുടെ കൃത്യമായ കണക്ക് തയ്യാറാക്കി അര്‍ഹരായവരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ബാങ്കുകളിലേക്കും ട്രഷറി അക്കൗണ്ടുകളിലേക്കും തുക കൈമാറും. രണ്ടുദിവസം വീട്ടില്‍ വെള്ളം കയറി വീട്ടുപകരണം നഷ്ടമായവര്‍ക്കാണ് പണം നല്‍കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം അര്‍ഹതയുള്ളവര്‍ക്കാണ് തുക നല്‍കുക. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിവരികയാണ്. ഇതു പരിശോധിച്ചശേഷമാണ് തഹസില്‍ദാര്‍ തുക നല്‍കുക. അതുകൊണ്ടാണ് ചെറിയ താമസമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

