പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ തുറന്നതല്ലെന്ന് കെഎസ്ഇബി ചെയര്മാന്

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്നും അണക്കെട്ടുകള്‍ തുറന്നുവിട്ടതിന് കുറ്റം പറയരുതെന്നും കെഎസ്ഇബി ചെയര്മാന് എന്‍.എസ്.പിള്ള. അണക്കെട്ടുകളാണ് വെള്ളത്തെ തടഞ്ഞതെന്ന് കണക്കുകള്‍ പുറത്തുവരുമ്ബോള്‍ വ്യക്തമാകും. അണക്കെട്ടുകള്‍ തുറന്നുവിട്ടത് മുന്നറിയിപ്പോടെയാണെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും എന്‍.എസ്.പിള്ള പറഞ്ഞു.
അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ചാലക്കുടി പുഴയിലെ കുറേ വെള്ളം തടയാമായിരുന്നു. റെഡ് അലര്‍ട്ട് വന്നാലുടന്‍ വെള്ളം ഒഴുക്കില്ല. റാന്നിയിലെ കാരണവും അമിതമഴയാണ്. 142 അടിവരെ ജലനിരപ്പ് ഉയര്‍ന്നിട്ടും മുല്ലപ്പെരിയാര്‍ തുറന്നില്ലല്ലോ എന്നും എന്നിട്ടും ഇതിനെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ലല്ലോ എന്നും പറഞ്ഞ ചെയര്മാന് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം വരെ ഇടുക്കി താങ്ങിയെന്നും ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ കെഎസ്ഇബിയെ അനുമോദിക്കുകയാണ് വേണ്ടതെന്നു പറഞ്ഞ അദ്ദേഹം ഇടുക്കിയും ശബരിഗിരിയും തുലാവര്‍ഷം വരെ അടയ്ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

