“പ്രളയം, അതിജീവനം” ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു

കണ്ണൂര്‍: നൂറ്റാണ്ടിന്റെ മഹാപ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഒറ്റ മനസ്സോടെ കേരളം കരകയറിയതിന്റെ നേര്‍കാഴ്ചകളൊരുക്കുകയാണ് ‘പ്രളയം, അതിജീവനം ഫോട്ടോ പ്രദര്‍ശനം’. കേരള ജനത ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രദര്‍ശനം. ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മെഗാ എക്‌സിബിഷന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ സഹകരണത്തോടെ നടത്തുന്ന ഫോട്ടോ പ്രദര്‍ശനത്തിലാണ് പ്രളയ ദുരിതങ്ങളുടെയും അതിജീവനപ്രവര്‍ത്തനങ്ങളുടെയും നേര്‍സാക്ഷ്യം വരച്ചുകാട്ടുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രളയദുരിതങ്ങളുടെയും രക്ഷാദൗത്യങ്ങളുടെയും ജീവന്‍ തുടിക്കുന്ന 200 ഓളം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. സംസ്ഥാനത്തെ പ്രശസ്തരായ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ ദുരന്തമുഖത്ത് നിന്ന് പകര്‍ത്തിക ഈ ചിത്രങ്ങള്‍ ദുരിതകാലത്തെ കേരളത്തിന്റെ അവസ്ഥ കൂടിയാണ് കാണിച്ചു തരുന്നത്. കേരളത്തിന്റെ നവോഥാന ചരിത്രം വിശദീകരിക്കുന്ന നവോത്ഥാന ചരിത്ര ചിത്രപ്രദര്‍ശനവും പുസ്തകസ്റ്റാളും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ആരംഭിച്ച എക്‌സിബിഷനില്‍ ഓരോ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് പുറമെ പോലീസ്, എക്‌സൈസ്, പുരാവസ്തു എന്നീ സര്‍ക്കാര്‍ വകുപ്പുകളും പരിപാടിയുമായി സഹകരിക്കുന്നു. കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകള്‍, പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജ് എന്നിവയുടേത് ഉള്‍പ്പെടെ 33 പ്രദര്‍ശന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പുതുതലമുറയ്ക്ക് അറിവിന്റെ വിശാലമായ ചെപ്പ് തുറക്കുന്നതിന് സഹായകമാകുന്ന രീതിയിലാണ് ഓരോ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുളളത്.
വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ആദിവാസി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, നൂറ്റാണ്ട് പഴക്കമുള്ള നാണയങ്ങളുടെ പ്രദര്‍ശനം, പ്രാണിക് ഹീലിംഗ്, പരമ്ബരാഗത ആവിക്കുളി തുടങ്ങിയവയും മെഗാ എക്‌സിബിഷന്റെ ഭാഗമായി നടക്കുന്നു. എക്‌സിബിഷന്‍ തിങ്കളാഴ്ച സമാപിക്കും.

