KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ ബല്‍റാം ജാക്കര്‍ അന്തരിച്ചു

ഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭാ മുന്‍ സ്പീക്കറുമായ ബല്‍റാം ജാക്കര്‍(93) അന്തരിച്ചു. രാവിലെ ഏഴ് മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ജന്മനാടായ പഞ്ചാബിലെ അബോഹറിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയോടെ സംസ്കാരം നടക്കും. ഒരുവര്‍ഷം മുമ്ബ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു.

1972 ല്‍ പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജാക്കര്‍ 73 മുതല്‍ 77 വരെ വൈദ്യുതി-കൃഷി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു. 1977 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുകയും ചെയ്തു.ഏഴാം ലോക്സഭയിലേക്ക് ഫിറോസ്പൂരില്‍ നിന്നും അടുത്ത ടേമില്‍ സികാറില്‍ നിന്നും ജയിച്ചു.1980 മുതല്‍ 89 വരെ ലോക്സഭാ സ്പീക്കറായിരുന്നു. 1991 ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. 2004 മുതല്‍ 2009 വരെ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു.

Share news