പൊലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു

മലപ്പുറം: മംഗളൂരുവില്‍ പൊലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു. മൈസൂരില്‍ നിന്ന് നാടുകാണി വഴി തൃശൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസാണ് തടഞ്ഞത്. പ്രവര്‍ത്തകര്‍ ബസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വെടിവെപ്പുണ്ടായ മംഗളൂരുവില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക് ആശുപത്രി പരിസരത്ത് റിപ്പോര്‍ട്ടിനെത്തിയ റിപ്പോര്‍ട്ടര്‍മാരെയും കാമറമാന്മാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഉമര്‍, കാമറാമാന് അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 അടക്കം പത്തോളം വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരുമാണ് കസ്റ്റഡിയിലായത്. ഇവരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബസ് തടഞ്ഞിട്ടിരിക്കുന്നത്.

