പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ചിതാഭസ്മം നിമജ്ജനം ചെയ്തു

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്തില്‍ പെരിയയില്‍ നിന്ന് ധീര സ്മൃതി യാത്ര നടത്തിയാണ് ഇന്നലെ ചിതാഭസ്മം തിരുവനന്തപുരത്തെത്തിച്ചത്. ഡിസിസി ഓഫീസില്‍ സൂക്ഷിച്ചശേഷം ഇന്ന് രാവിലെ എട്ടരയോടെയാണ് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തിച്ചു.

കൃപേഷിന്‍റെ സഹോദരന്‍ അഭിലാഷ്, ശരത്തിന്‍റെ സഹോദരീ പുത്രന്‍ സുഭാഷ് എന്നിവരാണ് കര്‍മ്മങ്ങള്‍ ചെയ്തത്. കാസര്‍കോട് നിന്നുള്ള ബന്ധുക്കളും എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വി എം സുധീരന്‍, എം എം ഹസന്‍ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിഷയമായി കാസര്‍കോട് കൊലപാതകം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 12ന് രാഹുല്‍ ഗാന്ധി കൃപേഷിന്‍റെയും ശരത്തിന്‍റെയും വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.

