KOYILANDY DIARY

The Perfect News Portal

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു:പ്രതിഷേധം ഉയരണമെന്ന് കോടിയേരി

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വില വര്‍ദ്ധനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കോടിയേരി  ആവശ്യപെട്ടു.

പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും രണ്ടാഴ്ച മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗാര്‍ഹിക സിലിണ്ടറിന് 18 രൂപയും വാണിജ്യ സിലിണ്ടറിന് 20 രൂപയും തുടര്‍ന്ന് വര്‍ദ്ധിപ്പിക്കുന്ന സ്ഥിതി ഉണ്ടായി. ഇപ്പോള്‍ പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസലിന് 1.26 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ വില വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുന്ന സമീപനം കൂടിയാണ്. 

പെട്രോളിന്റെ വില നിയന്ത്രണമാണ് യുപിഎ സര്‍ക്കാര്‍ എടുത്ത് മാറ്റിയതെങ്കില്‍ ഡീസലിന്റെ വില നിയന്ത്രണം എടുത്തു മാറ്റുന്ന നടപടിയാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത്തരം നയത്തിന്റെ തുടര്‍ച്ചയായാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നിരന്തരമായി വില കയറിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയുടെ പേര് പറഞ്ഞാണ് ഇപ്പോള്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കുറവിന് അനുസരിച്ച് വില കുറയ്ക്കാന്‍ തയ്യാറാവാതെ അവിടെ ഇപ്പോള്‍ വില വര്‍ദ്ധനവ് ഉണ്ടായി എന്ന് പറഞ്ഞ് വില വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisements

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കയറുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വമ്പിച്ച വിലക്കയറ്റം സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാവുക. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കുന്ന നടപടിയാണിത്.