പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
മയ്യില്‍: ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മയ്യില്‍ ചമയം വസ്ത്രാലയം ഉടമയും എട്ടെയാറിലെ പി പി ഹംസകുട്ടിയുടെയും മറിയത്തിൻ്റെയും മകന് ഹിഷാ(18)മാണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 5.45ഓടെ മുനമ്പ് പാലത്തിന് സമീപമാണ് അപകടം. ഉപ്പയും സഹോദരിയുമുള്‍പ്പടെ ആറോളം പേരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നീന്തലറിയാത്ത ഹിഷാം ഒഴുക്കില്‍പെട്ടു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ ഹിഷാമിനെ കണ്ടെത്തി മയ്യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഇരിവാപ്പുഴ നമ്പ്രം ഖബര്‍സ്ഥാനില്‍ സംസ്കരിക്കും. സഹോദരങ്ങള്‍: ഹിബ ഫാത്തിമ, ഹന ഫാത്തിമ.

