KOYILANDY DIARY

The Perfect News Portal

പുതിയ റേഷന്‍കാര്‍ഡ് വിതരണം നീളുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡ് വിതരണം അനന്തമായി നീളുന്നതിനാല്‍ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍നിന്ന് കേരളം പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. 2013 സെപ്തംബര്‍ പത്തിന് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 2014 ജൂലൈ നാലുവരെ സംസ്ഥാനത്തിന് സമയം അനുവദിച്ചെങ്കിലും വിവിധ കാരണം നിരത്തി സമയപരിധി പല തവണ നീട്ടി. ഒടുവില്‍ 2016 ഏപ്രില്‍ 16–നകം നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാര്‍ഡ് വിതരണം ചെയ്യേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പില്‍ ധാരണ.

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ട സംവിധാനങ്ങളില്‍ കടുത്ത അനാസ്ഥ ഇപ്പോഴും തുടരുന്നു. നിലവിലുള്ള റേഷന്‍കാര്‍ഡ് പുതുക്കി നല്‍കുന്നതിന് ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ഫോര്‍മാറ്റിലാണ് 2014–ല്‍ അപേക്ഷാ ഫോറം തയ്യാറാക്കിയത്. 2015– ന്റെ തുടക്കത്തില്‍ കാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ 2016 ജനുവരിയില്‍ നല്‍കുമെന്നാണ് പറയുന്നത്. ഇത് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണെന്ന വിവരമുണ്ട്.

കാര്‍ഡ് പുതുക്കല്‍ പ്രക്രിയയോടൊപ്പം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗങ്ങളെയും കണ്ടെത്തേണ്ടതുണ്ട്. 2011–ലെ സെന്‍സസ് പ്രകാരമുള്ള 3.34 കോടി ജനങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലെ 52.63 ശതമാനവും നഗരങ്ങളിലെ 39.5 ശതമാനവും ഉള്‍പ്പെടെ 1.548 കോടി പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഇടംനേടുക. ഇവര്‍ക്കുമാത്രമാണ് സൌജന്യനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍. നിലവില്‍ കാര്‍ഡ് പ്രകാരം നിശ്ചിത നിരക്കിലുള്ള ഭക്ഷ്യധാന്യം നല്‍കുന്നത് അവസാനിപ്പിച്ച് ആളൊന്നിന് അഞ്ച് കിലോ ഗ്രാം ഭക്ഷ്യധാന്യം മാസത്തില്‍ ലഭിക്കും.

Advertisements

മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സൌജന്യനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കണമെന്ന് കെ വി തോമസ് കേന്ദ്ര ഭക്ഷ്യമന്ത്രിയായിരിക്കെ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മുന്‍ യുപിഎ സര്‍ക്കാരോ പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാരോ രേഖാമൂലം ഉറപ്പ് നല്‍കിയിട്ടില്ല.
ബിപിഎല്‍ പട്ടികയിലുള്ളവരെ സ്ക്രീനിങ് കമ്മിറ്റി പരിശോധന നടത്തി മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 2009–ല്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കമ്മിറ്റി നാളിതുവരെ പ്രവര്‍ത്തിച്ചതായി അറിവില്ല. കമ്മിറ്റി കണ്ടെത്തിയവരുടെ പട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിച്ച് അനുമതി ലഭിച്ചശേഷം മാത്രമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാകൂ. ഇതിനെല്ലാം മാസങ്ങളോളം സമയം വേണമെന്നിരിക്കെ സാങ്കേതികത്വം നിരത്തി പുതിയ റേഷന്‍കാര്‍ഡ് വിതരണം നീട്ടിക്കൊണ്ടുപോകാനാണ് നീക്കം.