KOYILANDY DIARY

The Perfect News Portal

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ആത്മഹത്യ ഭീഷണി

കോട്ടയം: റബര്‍ബോര്‍ഡ് ആസ്ഥാനത്തെ കെട്ടിടത്തിന് മുകളില്‍ കയറി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ആത്മഹത്യ ഭീഷണി. മാങ്ങാനം മോഡല്‍ ടി.ആര്‍.എസ് റബര്‍ ഫാക്ടറിയില്‍നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നാലുതൊഴിലാളികള്‍ റബര്‍ബോര്‍ഡ് ആസ്ഥാനത്തെ കെട്ടിടത്തിന് മുകളില്‍കയറി മൂന്നരമണിക്കൂര്‍ ആത്മഹത്യഭീഷണി മുഴക്കിയത്.

പോലീസിനെയും അഗ്‌നിശമനസേനയെയും മുള്‍മുനയില്‍നിര്‍ത്തിയ സമരത്തിനൊടുവില്‍ റബര്‍ബോര്‍ഡ് അധികൃതര്‍ മുട്ടുമടക്കി. പിരിച്ചുവിടല്‍ നോട്ടീസ് മരിവിപ്പിച്ച് രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

കോട്ടയം താലൂക്ക് റബര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ റബര്‍ബോര്‍ഡ് ആസ്ഥാനത്ത് എത്തിയ തൊഴിലാളികള്‍ ഓഫിസ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈസമയം ഒപ്പമുണ്ടായിരുന്ന തൊളിലാളികളായ മാങ്ങാനം സ്വദേശി സജന്‍, കാഞ്ഞിരപ്പള്ളി സ്വദേശി ദീപുചെറിയാന്‍, കോട്ടയം സ്വദേശി ദിനേശന്‍, മണകാട് സ്വദേശി ടി.പി വിനോദ് എന്നിവര്‍ ഏഴുനിലകെട്ടിടത്തിന്റെ മുകളില്‍കയറി തൊഴിലാളി ഐക്യം സിന്ദാബാദ് മുദ്രാവാക്യം മുഴക്കി.

Advertisements

താഴേക്ക് ചാടുമെന്ന് വിളിച്ചുപറഞ്ഞ് ഇവര്‍ കെട്ടിടത്തിന്റെ പാരപ്പെറ്റില്‍ കയറി ഇരുന്നു.  സംഭവമറിഞ്ഞ് എ.എസ്.പി ചൈത്ര തെരേസ ജോണ്‍, ഡിവൈ.എസ്.പി സക്കറിയ മാത്യു ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹവുമെത്തി. അപകടസാധ്യത കണക്കിലെടുത്ത് അഗ്‌നിശമന സേനയും നിലയുറപ്പിച്ചു.

യൂണിയന്‍ കണ്‍വീനര്‍ പി.ടി.ബിജുവും മറ്റ്‌ നേതാക്കളും പോലീസുമായി ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് ഉറപ്പുനല്‍കാതെ പിന്‍വാങ്ങില്ലെന്ന് തൊഴിലാളികള്‍ വ്യകതമാക്കി. ഉച്ചയോടെ സ്ഥിതി സംഘര്‍ഷഭരിതമായതോടെ റബര്‍ബോര്‍ഡ് മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയാറാവുകയായിരുന്നു.

ഉച്ചക്ക് റബര്‍ബോര്‍ഡ് ഓഫിസ് ഇന്‍ ചാര്‍ജ് എന്‍.രാജഗോപാലുമായി യൂണിയന്‍ നേതാവ് പി.കെ.ബിജു, സി.പി.എം ഏരിയാസെക്രട്ടറി എം.കെ.പ്രഭാകരന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിടല്‍ നോട്ടീസ് താല്‍ക്കാലികമായി മരവിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഒന്നരവര്‍ഷംമുമ്പ് ഫാക്ടറി അടച്ചുപൂട്ടാനുള്ള നടപടി തുടങ്ങിയതായി റബര്‍ബോര്‍ഡ് സെക്രട്ടറി ഇന്‍ചാര്‍ജ് എന്‍.രാജഗോപാല്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി കേന്ദ്രതൊഴില്‍ മന്ത്രാലയവുമായി ഡല്‍ഹിയിലും കോട്ടയത്തും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഫാക്ടറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് കേന്ദ്രലേബര്‍ സെക്രട്ടറിക്ക് തൊഴിലാളി യൂണിയന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലിന് തീര്‍പ്പാക്കുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ തൊളിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *