KOYILANDY DIARY.COM

The Perfect News Portal

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താന്‍ വി.എസ് ന് സിപിഎം നല്‍കിയ പൊന്നും വിലയാണ് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയന്‍മാന്‍ പദവി: കുമ്മനം

തിരുവനന്തപുരം • പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താല്‍ വി.എസ് അച്യുതാനന്ദന് സിപിഎം നല്‍കിയ പൊന്നും വിലയാണ് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയന്‍മാന്‍ പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഎസിനെ മുന്നില്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതു മുന്നണി മുഖ്യമന്ത്രിയാക്കിയത് പിണറായി വിജയനെയാണ്.

വിഎസിന് മുന്തിയ പദവി നല്‍കണമെങ്കില്‍ അത് സിപിഎമ്മിന്റെ ചെലവിലാണ് നല്‍കേണ്ടത്. ആര്‍ഭാടവും അനാവശ്യചെലവും ഒഴിവാക്കുമെന്ന ഇടതുമുന്നണിയുടെ പ്രസ്താവന പാഴ്വാക്കണെന്നതിന് ഒന്നാംതരം തെളിവാണ് വിഎസിന്റെ പദവി. മാസംതോറും മന്ത്രിമാര്‍ സല്‍ക്കാരം നടത്തുന്നതിനുള്ള തീരുമാനവും ജനങ്ങളെ അവഹേളിക്കാനാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

വിഎസിനെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷനാക്കിയത് നിയമസഭാ തീരുമാനപ്രകാരമെന്ന് സിപിഎം വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. സീതാറാം യച്ചൂരിയുടെ ഇത് സംബന്ധിച്ച പ്രസ്താവന സിപിഎമ്മിലെ ഭിന്നതയാണ് വ്യക്തമാക്കുന്നത്. നിയമസഭാ വിഎസിനെ ചെയര്‍മാനാക്കാന്‍ നിശ്ചയിച്ചിട്ടില്ല. സിപിഎമ്മിന്റെ തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയാണുണ്ടായത്. അയോഗ്യത നീക്കം ചെയ്യല്‍ ബില്ലിന്റെ പരിഗണനാവേളയില്‍ വിഎസിനെ ചെയര്‍മാനാക്കാനല്ല നിയമഭേദഗതിയെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയതുമാണ്.

Advertisements

വര്‍ഷം 36 കോടിയോളം രൂപ കമ്മിഷന് ചെലവാകുമെന്നാണ് ഏകദേശ കണക്ക്. കടം കയറി കുത്തുപാളയെടുത്ത സംസ്ഥാനത്ത് വിഎസിന് കാബിനറ്റ് പദവിയും അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറി പദവിയുമാണ് നല്‍കുന്നത്. മുന്‍പുണ്ടായിരുന്ന മൂന്ന് കമ്മിഷന്‍ ശുപാര്‍ശകളും തുറന്നുപോലും നോക്കാതിരിക്കുകയാണ്. അഞ്ചുവര്‍ഷം കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതായി കണക്കുകൂട്ടിയാല്‍ 180 കോടിരൂപ ചെലവാകും. മുന്‍ കമ്മിഷനുകളെ മറികടക്കുന്ന വൈദഗ്ദ്ധ്യം പുതിയ കമ്മിഷനുണ്ടാകുമെന്ന് പ്രതീക്ഷിക്കാനും സാധിക്കില്ല.

സംസ്ഥാനത്തിന് വിശേഷിച്ചെന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത കമ്മിഷന്‍ അജഗളസ്തനം മാത്രമാണ്. അങ്ങിനെയൊരു കമ്മിഷന്‍ പദവി അച്യുതാനന്ദന്‍ ഏറ്റെടുക്കുന്നതില്‍ അര്‍ഥമില്ലന്നും കുമ്മനം പറഞ്ഞു.

Share news