പിണറായിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് സൗഹൃദം പുതുക്കി ഗഡ്കരി

തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം കറകളഞ്ഞ സൗഹൃദം, മേമ്പൊടിക്ക് അല്പം വികസന ചര്‍ച്ച. ക്ളിഫ്ഹൗസില്‍ പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്ച ഇതായിരുന്നു.
ബി.ജെ.പി. നേതൃത്വത്തെപ്പോലും അറിയിക്കാതെ തീര്‍ത്തും സ്വകാര്യ സന്ദര്‍ശനത്തിന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെത്തിയ ഗഡ്കരി മുഖ്യമന്ത്രിയെ വീട്ടിലെത്തിക്കണ്ട് സൗഹൃദം പുതുക്കി. ഒരുമണിക്കൂര്‍ ഇരുവരും ഒരുമിച്ചു ചെലവിട്ടു. അതില്‍, ദേശീയപാതാ വികസനവും മത്സ്യമേഖല, തുറമുഖവികസനം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയായി. ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു മടക്കം.

കേന്ദ്രമന്ത്രിയായി കഴിഞ്ഞ സര്‍ക്കാരിലെ അതേ വകുപ്പുതന്നെ ഏറ്റെടുത്ത ശേഷം സ്വകാര്യ സന്ദര്‍ശനത്തിന് ഗഡ്കരി തിരഞ്ഞെടുത്തതും കേരളം തന്നെ. അഞ്ചുദിവസം മുമ്ബ് കോവളത്തെത്തിയ മന്ത്രി കന്യാകുമാരിയും സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച കുടുംബാംഗങ്ങളോടൊപ്പം നിയമസഭയിലെത്താനും മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കും അദ്ദേഹം തയ്യാറായി.

മാധ്യമങ്ങളില്‍നിന്നും നേതാക്കളില്‍നിന്നും അകലംപാലിച്ച് തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമായിരുന്നു ഗഡ്കരിയുടേത്. മന്ത്രിയുടെ തിരക്കെല്ലാം ഒഴിവാക്കി കഴിഞ്ഞദിവസം നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലും അദ്ദേഹം എത്തിയിരുന്നു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം സെക്രട്ടേറിയറ്റിനു സമീപം സര്‍ക്കാരിന്റെ കരകൗശല വില്‍പ്പനശാലയായ എസ്.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കേരളീയ ഉത്പന്നങ്ങള്‍ വാങ്ങി. വൈകീട്ടോടെ മുംബൈയിലേക്കു മടങ്ങി.
