പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച സാം എബ്രഹാമിന് ജന്മനാടിന്റെ അന്ത്യാജ്ഞലി

മാവേലിക്കര: ജമ്മുകശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. മാവേലിക്കര പുന്നമൂട് സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ നടന്ന സംസ്കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സാം എബ്രഹാമിന്റെ മൃതദേഹം രാവിലെ തിരുവനന്തപുരത്ത് നിന്നും മാവേലിക്കരയില്‍ എത്തിച്ചു. തുടര്‍ന്ന് സാം എബ്രഹാം പഠിച്ച മാതൃവിദ്യാലയമായ ബിഷപ്പ് ഹോഡ്ജസ് സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിറകണ്ണുകളോടെ നിരവധി ആളുകള്‍ വീരപുത്രന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സ്കൂളില്‍ നിന്നും സാമിന്റെ സ്വവസതിയിലേക്ക് സൈനിക വിഭാഗത്തിന്റെ പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് സൈനിക വിഭാഗത്തിന്റെ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചു. വീട്ടില്‍ വെച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരം അര്‍പ്പിച്ചു. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യ അനുവും രണ്ടര വയസുകാരിയായ മകള്‍ എയ്ഞ്ചലും അന്ത്യചുംബനം നല്‍കി. പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് പള്ളിയിലും വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്.

നിറകണ്ണുകളോടെയായിരുന്നു നാട് ധീരജവാന് പ്രണാമം അര്‍പ്പിച്ചത്. പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു മൃതദേഹം സംസ്കരിച്ചത്. ജനുവരി 19 ന് ഉച്ചയ്ക്ക് ജമ്മുവിലെ അഗ്നൂര്‍ സുന്ദര്‍ബാനി മേഖലയിച്ചല്‍ ഉണ്ടായ വെടിവയ്പിലാണ് ഗുരുതരമായി പരുക്കേറ്റ സാം വീരമൃത്യു വരിച്ചത്.

