KOYILANDY DIARY

The Perfect News Portal

പരസഹായമില്ലാതെ ഇരിക്കുവാന്‍ പോലും കഴിയാത്ത ജിതേഷ് രാജ്‌ ഉദാരമതികളുടെ സഹായം തേടുന്നു

കുന്ദമംഗലം: ഇരുകാലുകളും തളര്‍ന്ന് പരസഹായമില്ലാതെ ഇരിക്കുവാന്‍ പോലും കഴിയാത്ത എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിതേഷ് രാജിന്റെ മുമ്പില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നു. രോഗിയായ അമ്മ മാത്രമാണ് ജിതേഷ് രാജിന് ഇപ്പോള്‍ കൂട്ടിനുള്ളത്.

ആറ് മാസം പ്രായമുള്ളപ്പോള്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ജിതേഷ് രാജിന്റെ തലയിലേക്ക് മുറ്റത്ത് വീണ ഇളനീര്‍ തെറിച്ച്‌ വന്നു തട്ടുകയായിരുന്നു. എല്ലാം വിറ്റ് പെറുക്കി കൂലി തൊഴിലാളിയായ പിതാവ് കട്ടാങ്ങല്‍ പുള്ളാവൂര്‍ കുന്നത്ത് ടി.വി. രാജന്‍ മാസങ്ങളോളം നടത്തിയ ചികിത്സയുടെ ഫലമായി മകന്റെ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായിരുന്നു.

വര്‍ഷങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫിസിയോതെറാപ്പി നടത്തിയതിലൂടെ നേരിയ മാറ്റം വന്നുതുടങ്ങുകയായിരുന്നു. എന്നാല്‍ വീണ്ടും വിധി ഈ കുടുംബത്തെ തളര്‍ത്തി. കഴിഞ്ഞ മേയ് മാസം 3 ന് മകന്റെ ഫിസിയോതെറാപ്പിക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്നതായിരുന്നു ഈ കുടുംബം. മകനെ അമ്മയ്ക്കരികില്‍ നിര്‍ത്തി കഞ്ഞിവാങ്ങാന്‍ പോയ പിതാവ് ടി.വി.രാജന്‍ കുഴഞ്ഞ് വീണ് മരിച്ചെന്ന നടുക്കുന്ന വാര്‍ത്തയാണ് പിന്നീട് ഈ അമ്മയും മകനും കേട്ടത്. അതോടെ ഫിസിയോതെറാപ്പിയും നിലച്ചു.

Advertisements

ആറ് സെന്റ് ഭൂമിയിലെ പൊളിഞ്ഞ് വീഴാറായ വീട്ടില്‍ ഇപ്പോള്‍ ജീവിതച്ചെലവിനും തുടര്‍ ചികിത്സക്കും മാര്‍ഗ്ഗമില്ലാതെ കടുത്ത ദുരിതമനുഭവിക്കുകയാണ് ഈ കുടംബം. അയല്‍ക്കാരും പിതാവിന്റെ സുഹൃത്തുക്കളും സഹായിക്കുന്നതിന്റെ ഫലമായി ജിതേഷ് രാജ് ഇപ്പോള്‍ ആര്‍.ഇ.സി.ഹൈസ്ക്കൂളില്‍ എട്ടാം ക്ലാസില്‍ വീണ്ടും പോയിതുടങ്ങിയിരിക്കയാണ്. ഒാട്ടോ റിക്ഷയില്‍ സ്ക്കൂളില്‍ പോയിവരാന്‍ എണ്‍പത് രൂപ ദിനംപ്രതി വേണം. പിന്നെ ഫിസിയോതെറാപ്പിക്കും മരുന്നിനും ജീവിതചെലവിനും ഉദാരമതികളുടെ സഹായം കൂടിയേതീരൂ.

ഈ കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ടി നാട്ടുകാര്‍ ‘പുള്ളാവൂര്‍ കുന്നത്ത് ജിതേഷ് രാജ് കുടുംബസഹായ കമ്മറ്റി’ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം.സാമി ചെയര്‍മാനും എം.പി.രാജന്‍ കണ്‍വീനറും എം.സി.രവീന്ദ്രന്‍ ഖജാന്‍ജിയുമാണ്. കേരള ഗ്രാമീണ്‍ ബാങ്ക് കട്ടാങ്ങല്‍ ബ്രാഞ്ചില്‍ 40387101047345 എന്ന നമ്ബറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്( IFSC KLGB0040387).

Leave a Reply

Your email address will not be published. Required fields are marked *