KOYILANDY DIARY

The Perfect News Portal

പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് കഥകളി വിദ്യാലയം ശ്രദ്ധാഞ്ജലി അർപ്പിച്ചു

കൊയിലാണ്ടി: കഥകളി വിദ്യാലയം ചേലിയ,  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുസ്മരണ പരിപാടി നടത്തി. കഥകളി പഠനത്തിനായി  ജന്മനാട്ടിൽ ഗുരു  സ്ഥാപിച്ച കഥകളി വിദ്യാലയത്തിൽ നടന്ന ‘ഗുരു സ്മൃതി ‘ പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരും, ശിഷ്യരും പ്രശിഷ്യരും , ആരാധകരും, നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ  പങ്കെടുക്കുകയുണ്ടായി .  ഗുരുവിൻ്റെ ഛായാപടത്തിനു മുന്നിൽ  കളിവിളക്കിനു തിരി തെളിയിച്ചു കൊണ്ട് ശ്രദ്ധാഞ്ജലിക്ക് തുടക്കം കുറിച്ചത്  കലാമണ്ഡലം റിട്ട. പ്രിൻസിപ്പൽ ബാലസുബ്രഹ്മണ്യൻ ആശാനായിരുന്നു. തുടർന്ന് സദസ്സ്  പുഷ്പാർച്ചനയും  ഗുരു വന്ദനവും നടത്തി.

ഗുരുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിനു പ്രിയപ്പെട്ട കഥകളി പദങ്ങൾ കലാനിലയം ഹരിയും ഗുരുവിൻ്റെ ജീവിതത്തെ ആസ്പദമാക്കി യു കെ രാഘവൻ മാസ്റ്റർ രചിച്ച  കവിത സംഗീതാദ്ധ്യാപികയായ ദിവ്യ കിരണും ആലപിച്ചു. അനുസ്മരണ  സമ്മേളനത്തിൽ കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ, കലാ ഗവേഷകനായ കെ.കെ. മാരാർ, ചരിത്രകാരൻ  ഡോ. എം.ആർ രാഘവവാരിയർ, ഗുരുവിൻ്റെ സതീർഥ്യനായ ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവൻ, ഡോ. എൻ.വി. സദാനന്ദൻ, അഞ്ജലി സാരംഗി എന്നിവർ അനുസ്മരണ ഭാഷണം നടത്തി.  കഥകളി വിദ്യാലയം പ്രസിഡണ്ട് വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി  പ്രശോഭ് ജി സ്വാഗതവും, പി ടി എ പ്രസിഡണ്ട്  മനോജ് ഇഗ്ളു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *