KOYILANDY DIARY

The Perfect News Portal

പത്തു ദിവസമായി നടക്കുന്ന ഗദ്ദിക മേളയ്ക്ക് ഇന്ന്‌ തിരിതാഴും

വളയം: ഗോത്രവര്‍ഗ മേളയായ ഗദ്ദികയില്‍ നാടന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി. പ്ലാസ്റ്റിക് കീഴടക്കിയ ഗൃഹാന്തരങ്ങളിലേക്ക് പഴമയുടെ പ്രതീകങ്ങളായ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആവേശത്തോടെയാണ് വിവിധ സ്റ്റാളുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്.

മുറം, വിവിധയിനം കൊട്ടകള്‍, മുളകൊണ്ടുള്ള പുട്ടുകുറ്റി, പപ്പടം കുത്തി, ചിരട്ടത്തവി, മണ്‍പാത്രങ്ങള്‍, പായ, ചൂല്‍, കയര്‍ചവിട്ടി തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മേളയില്‍ തത്സമയം ഉത്പന്നങ്ങള്‍ നിര്‍മിച്ച്‌ വില്‍ക്കുകയാണ് ചെയ്യുന്നത്.

ഈറ്റ, കയര്‍, മുള, ചിരട്ട ഉള്‍പ്പെടെയുള്ള അസംസ്കൃതവസ്തുക്കള്‍ നേരത്തേതന്നെ ഇവിടെ എത്തിച്ചിരുന്നു. ഗോത്രവിഭാഗങ്ങളിലെ പ്രത്യേക വിഭാഗമാണ് പ്രധാനമായും കുലത്തൊഴിലെന്നനിലയില്‍ ഇത്തരം സാധനങ്ങള്‍ നിര്‍മിച്ച്‌ വില്‍പന നടത്തുന്നത്.

Advertisements

പ്രായാധിക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നവര്‍ മുതല്‍ യുവതീ യുവാക്കള്‍വരെ ഇവിടെ ജോലിയിലേര്‍പ്പെട്ടിട്ടുണ്ട്. അൻപത്‌ മുതല്‍ ഇരുന്നൂറ്റൻപത് രൂപ വരെയാണ് വില. കരകൗശല ഉത്പന്നങ്ങളും മേളയിലെ മുഖ്യയിനമാണ്. ഇതിനും ആവശ്യക്കാര്‍ ഏറെയാണ് കിര്‍ത്താഡ്സിന്റെ പന്തലില്‍ ആവിക്കുളി, ഭക്ഷ്യവിഭവങ്ങളുടെ വില്പന തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ആവിക്കുളിക്ക് പുലര്‍ച്ചെ നാലു മണിമുതല്‍ തന്നെ നല്ല തിരക്കാണ് ഇരുപത്തിയാറ് ഔഷധക്കൂട്ടുകൊണ്ടുണ്ടാക്കിയ മരുന്നു കാപ്പിക്ക് വന്‍ ജനത്തിരക്കാണ്. മൂന്നുതരത്തിലുള്ള മരുന്നുകാപ്പികള്‍ ലഭ്യമാണ്. കപ്പ, കാന്താരി ചമ്മന്തി, റാഗി പഴംപൊരി, ചോളം പഴംപൊരി, തുടങ്ങിയവയ്ക്കും വന്‍ ജനപ്രീതിയാണ്. പത്തുദിവസമായി നടക്കുന്ന മേളയ്ക്ക് ഇന്ന്‌ തിരിതാഴും. നിയമസഭാ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. പുള്ളുവന്‍പാട്ട്, തിരിയുഴിച്ചില്‍, ഇരുളനൃത്തം, പാട്ടുകള്‍, , മൂക്കന്‍ ചാത്തന്‍, എറണാകുളം എളങ്കുന്നപ്പുഴ വി.ടി. ദിലീപിന്റെയും സംഘത്തിന്റെയും നാട്ടരങ്ങും നാടന്‍ പാട്ടുകളും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *