KOYILANDY DIARY.COM

The Perfect News Portal

പത്താം വയസ്സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു, സൗദിയില്‍ വധശിക്ഷ കാത്ത് കൗമാരക്കാരന്‍

പത്താംവയസ്സില്‍ സര്‍ക്കാര്‍വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് കൗമാരക്കാരന്‍ സൗദിയില്‍ വധശിക്ഷാഭീഷണി നേരിടുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. മുര്‍ത്താസ ഖുറൈറിസെന്ന 18-കാരനാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് സൗദിയിലെ തടവറയില്‍ കഴിയുന്നത്.

2011-ല്‍ സൗദി അറേബ്യയില്‍ അറബ് വസന്ത പ്രക്ഷോഭം അലയടിക്കുന്ന കാലം. തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്കായി ഉറക്കെ മുദ്രാവാക്യം വിളിച്ച്‌ സൗദിതെരുവുകള്‍ കീഴടക്കിയ സമരക്കാര്‍ക്കൊപ്പം മുര്‍ത്താസയുമുണ്ടായിരുന്നു. സൗദിയുടെ കിഴക്കന്‍പ്രവിശ്യയില്‍നടന്ന കുട്ടികളുടെ സൈക്കിള്‍റാലിയില്‍ അവന്‍ പങ്കെടുത്തു. പ്രക്ഷോഭത്തിനിടെ മുര്‍ത്താസയുടെ മൂത്തസഹോദരന്‍ അലി ഖുറൈറിസ് കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് മൂന്നുവര്‍ഷത്തിനുശേഷം സൗദി ഭരണകൂടത്തിനെതിരേ നടന്ന ബൈക്ക് റാലിയിലും മുര്‍ത്താസ പങ്കെടുത്തു. അന്നാണ് അവന്‍ അറസ്റ്റിലാകുന്നത്. അന്ന് മുര്‍ത്താസയ്ക്ക് പ്രായം 13. അറസ്റ്റിലാകുന്ന ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രീയത്തടവുകാരനായിരുന്നു അവന്‍. 2014 സെപ്റ്റംബര്‍ മുതല്‍ വിചാരണത്തടവുകാരനായി കഴിയുന്ന മുര്‍ത്താസ ഏതുനിമിഷവും വധശിക്ഷയ്ക്ക് വിധേയനായേക്കാമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

ഭീകരസംഘടനയില്‍ ചേരുക, വിപ്ലവം നയിക്കുക തുടങ്ങി വധശിക്ഷ വിധിക്കാനാകുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഈ കൗമാരക്കാരനെതിരേ സൗദി സര്‍ക്കാര്‍ ചുമത്തിയിട്ടുള്ളത്. ദേശീയസുരക്ഷയെ ബാധിക്കുന്ന കുറ്റമെന്ന നിലയില്‍ മുര്‍ത്താസക്കേസിന്റെ വിവരങ്ങള്‍ സൗദി ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഏപ്രിലില്‍ സൗദി 37 പേരുടെ വധശിക്ഷ നടപ്പാക്കിയതോടെയാണ് മുര്‍ത്താസയെക്കുറിച്ച്‌ ആഗോളതലത്തില്‍ ആശങ്കയുയര്‍ന്നത്. മുര്‍ത്താസയെ മോചിപ്പിക്കണമെന്നും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ വധശിക്ഷയെ മാര്‍ഗമാക്കുന്നത് ഉപേക്ഷിക്കണമെന്നും സൗദിഭരണകൂടത്തോട് ആവശ്യപ്പെടുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *