പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഈ മാസം 26ന് തുടങ്ങും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഈ മാസം 26ന് തുടങ്ങും. 29 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം 2016-17 വര്‍ഷത്തെ ബഡ്ജറ്റ് പൂര്‍ണമായി പാസ്സാക്കല്‍ ആണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി അഞ്ച് ദിവസവും മാറ്റിവച്ചിട്ടുണ്ട്.
സഭയില്‍ സമര്‍പ്പിക്കപ്പെടുന്ന സമിതി റിപ്പോര്‍ട്ടുകളില്‍ പ്രാധാന്യമേറിയവ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഈ സമ്മേളനകാലം തൊട്ട് സൗകര്യമൊരുക്കാന്‍ ആലോചിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു. ധനാഭ്യര്‍ത്ഥനകളുടെ വോട്ടെടുപ്പിന് ശേഷം ഒന്നോ രണ്ടോ ദിവസം ഇതിനായി മാറ്റിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാവും ഏതൊക്കെ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുക. ചരക്ക് സേവനനികുതി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച സ്ഥിതിക്ക് ഇതുസംബന്ധിച്ച പ്രമേയം പാസാക്കേണ്ടത് അനിവാര്യമല്ലെങ്കിലും ആ പ്രമേയം ഈ സമ്മേളനത്തില്‍ പരിഗണനയ്ക്ക് വരാനിടയുണ്ട്. ഉപഭോക്തൃസംസ്ഥാനം എന്ന നിലയില്‍ ഈ ബില്‍ നടപ്പാവുമ്ബോള്‍ സംസ്ഥാനത്തിന് ലഭിക്കാവുന്ന പരിഗണനകള്‍ സംബന്ധിച്ചും മറ്റും കൂടുതല്‍ ബോധവത്കരണം ലക്ഷ്യമിട്ടുള്ള സെമിനാര്‍ ഈ മാസം 29ന് നടത്തും.

കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പ് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് തന്നിട്ടുണ്ട്. അവരുടെ ആവശ്യം ഈ സമ്മേളനത്തില്‍ തന്നെ അംഗീകരിക്കും. സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയരണമെന്ന് തന്നെയാണ് അഭിപ്രായം. എന്നാല്‍ അത് സഭാനടപടികളെ തടസപ്പെടുത്തിയാവും എന്ന് കരുതുന്നില്ല. സമയനിഷ്ഠ പാലിക്കുന്നതില്‍ കഴിഞ്ഞ സമ്മേളനങ്ങളില്‍ തുടര്‍ന്നുവന്ന രീതി തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

